ADVERTISEMENT

ലെസ്റ്റർ/ലണ്ടൻ ∙ യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളായ അഞ്ച് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ആന്ധ്ര പ്രകാശം ജില്ലയിലെ ചിമകുർത്തി സ്വദേശിയും സ്വാൻസിയ യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് വിദ്യാർഥിയുമായ ചിരഞ്ജീവി പാംഗുലൂരി (32) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ നാല് പേർ ആശുപത്രിയിലാണ്.

അപകടകരമായ രീതിയിൽ വാഹനമോടിച്ചതാണ് മരണ കാരണമെന്ന് സംശയിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്‌ച പുലർച്ചെ 5.45 ന് ശേഷമാണ് അപകടം നടന്നത്. വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ചാരനിറത്തിലുള്ള മസ്ദ കാറാണ് ലെസ്റ്റർ കിബ്‌വർത്തിലെ എ6 റോഡിൽ അപകടത്തിൽപ്പെട്ടത്.

ഹൈദരാബാദിൽ സ്വദേശിനി പ്രണവി (25), അനകപ്പള്ളി ജില്ലയിലെ ചോടവാരത്ത് സ്വദേശി സായി ബദരീനാഥ് തെനെറ്റി (23), ഗുണ്ടൂർ ജില്ലയിലെ പാമിഡിപ്പാട് സ്വദേശി യമലയ്യ ബണ്ട്‌ലാമുടി (27) എന്നിവരാണ് പരുക്കേറ്റവർ. ഇവർ യുകെയിലെ വിവിധ യൂണിവേഴ്സിറ്റിളിലെ വിദ്യാർഥികളാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരിൽ പ്രണവി ഒഴികെ ഉള്ളവരുടെ പരുക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് കരുതുന്നില്ലെന്ന് ലെസ്റ്റർഷയർ പൊലീസ് പറഞ്ഞു. 

പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പേര് വെളിപ്പെടുത്താൻ കഴിയാത്ത 27 വയസ്സുകാരനായ ഡ്രൈവർ ഉൾപ്പടെയുള്ള അഞ്ച് വിദ്യാർഥികളും ലെസ്റ്ററിൽ താമസിച്ചു വരികയായിരുന്നു. ഇവർ പഠനത്തോടൊപ്പം പാർട്ട് ടൈമായി വെയർഹൗസിൽ ജോലി ചെയ്തിരുന്ന ഇവർ ജോലിക്കായി കാറിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മഴയുള്ള കാലാവസ്ഥയെത്തുടർന്ന് ടയറുകൾ തെന്നിയാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ നിർത്താൻ ഡ്രൈവർ റോഡരികിലെ മരത്തിൽ ഇടിക്കാൻ ശ്രമിച്ചതായും തുടർന്ന് റോഡിൽ നിന്ന് തെന്നി ഒരു ചരിവിലൂടെ താഴേക്ക് വീഴുകയായിരുന്നുവെന്നും കാറിൽ സഞ്ചരിച്ചവർ മൊഴി നൽകിയിട്ടുണ്ട്.

English Summary:

Indian student dies in a car accident in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com