ADVERTISEMENT

ഇറ്റലിയിലെ എസി മിലാനിൽ പരിശീലനത്തിനിറങ്ങാന്‍ ബൂട്ട് കെട്ടുകയാണ് തൃശൂർ ചെറുവാളൂർ സ്വദേശിയായ ഐഡാന്‍. യുഎഇ ഉള്‍പ്പടെ നാല് രാജ്യങ്ങളിലെ ഫുട്ബോള്‍ പ്രതിഭകളോട് മത്സരിച്ച് സ്റ്റാർട്സ്പ്ലേയുടെ ടാലന്റ് ഷോ അണ്‍സ്റ്റോപബിള്‍ - ഇറ്റാലിയന്‍ ഡ്രീം വിജയിയായി, സമ്മാനമായി ലഭിച്ചതോ ഏത് ഫുട്ബോള്‍ കളിക്കാരനും ആഗ്രഹിക്കുന്ന എസി മിലാനിൽ മൂന്നു മാസത്തെ പരിശീലനത്തിനായുളള അവസരം. ദുബായ് ജെംസ് മോഡേന്‍ അക്കാദമിയില്‍ പന്ത്രണ്ടാം ക്ലാസിലെ പഠനത്തിരക്കിനൊപ്പം ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഐഡാന്‍.

∙ സ്വപ്നത്തില്‍ നിന്നുണർന്നു, ഫുട്ബോള്‍ ലക്ഷ്യമായി മനസിലുറച്ച രാത്രി
ആറുവയസ്സുളളപ്പോള്‍ സ്വപ്നം കണ്ടുറങ്ങിയിരുന്നൊരു രാത്രി ഉണർന്നപ്പോള്‍ പിതാവ് നദീർ ടിവിയില്‍ ഫുട്ബോള്‍ മത്സരം കാണുന്നതാണ് കണ്ടത്. അന്ന് ആ മത്സരം ഒരുമിച്ചിരുന്ന് കണ്ടു. പിന്നീട് ഉറങ്ങാന്‍ അനുവദിക്കാത്ത ലക്ഷ്യമായി പ്രഫഷനല്‍ ഫുട്ബോള്‍ കളിക്കാരനാകണമെന്ന സ്വപ്നം ഐഡാനെ മുന്നോട്ടു നയിച്ചു. ആ ലക്ഷ്യത്തിലേക്കുളള വഴിയിലെ നിർണായകമായൊരുനേട്ടത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. പ്രതിഭ തിരിച്ചറിഞ്ഞത് പിതാവിന്റെ സഹോദരന്‍ അവധിക്കാലത്ത് നാട്ടില്‍ പോയസമയത്ത് പന്ത് തട്ടുന്ന ശൈലികണ്ട് നദീറിന്റെ സഹോദരന്‍ നസിറുദ്ദീനാണ് ഐഡാനില്‍ ഫുട്ബോള്‍ കളിക്കാരനുണ്ടെന്ന് മനസിലാക്കുന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ടൈറ്റാനിയം ടീമിലടക്കം കളിച്ച അനുഭവസമ്പത്തിലൂടെയാണ് ഐഡാന്റെ പ്രതിഭ നസിറുദ്ദീന്‍ തിരിച്ചറിഞ്ഞത്. ആ അവധിക്കാലം കഴിഞ്ഞ് യുഎഇയില്‍ തിരിച്ചെത്തിയപ്പോള്‍ പരിശീലനത്തിനായി സ്വകാര്യ അക്കാദമിയില്‍ ചേർന്നു. ആറുവയസ്സായിരുന്നു അന്ന് പ്രായം. യുഎഇ ഫുട്ബോള്‍ കമന്റേറ്റർ കൂടിയായ ക്രിസ് ബ്രൗണ്‍ നടത്തുന്ന അക്കാദമിയായിരുന്നു അത്. ചെറിയ കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ നല്ല വൈദഗ്ധ്യമുണ്ടായിരുന്നു അവിടത്തെ പരിശീലകർക്ക്. കുഞ്ഞ് ഐഡന്‍ എല്ലാം വേഗത്തില്‍ പഠിച്ചെടുക്കുകയും ചെയ്തു. 2 വർഷത്തോളം അവിടെ പഠിച്ചു. അത് കഴിഞ്ഞാണ് ബാർസിലോനയുടെ അക്കാദമിയിലേക്ക് മാറുന്നത്. ഫുട്ബോളിലെ അച്ചടക്കം പഠിച്ചെടുത്തത് അവിടെ നിന്നാണ്. രണ്ട് വർഷമാണ് അവിടെയും പരിശീലിച്ചത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ പ്രതിഭയുണ്ടോ, ക്ലബുകളില്‍ സീറ്റ് റെഡി 
യുഎഇയില്‍ സ്വകാര്യ അക്കാദമികളില്‍ പരിശീലനത്തിന് ചെലവേറെയാണ്. അതേസമയം യുഎഇ ഫുട്ബോള്‍ ഫെഡറേഷന്റെ കീഴിലുളള ക്ലബുകളില്‍ പരിശീലനം സൗജന്യമാണ്. ആദ്യകാലങ്ങളില്‍ സ്വദേശികള്‍ക്കുമാത്രമായിരുന്നു ഈ ക്ലബുകളില്‍ പ്രവേശനം. 2018 മുതല്‍ ഇത്തരം ക്ലബുകളില്‍ യുഎഇയിലുളള പ്രവാസികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചു. ആ സാധ്യതയുടെ കരുത്തില്‍ അല്‍ നാസർ സ്പോർട്സ് ക്ലബില്‍ പ്രവേശനത്തിനായി അപേക്ഷിച്ചു. പ്രവേശനം ലഭിക്കുകയും ചെയ്തു. 2018 ല്‍ അണ്ടർ 12 ലീഗില്‍ പങ്കെടുത്തു. ഇപ്പോള്‍ മിഡ് ഫീല്‍ഡ്, സെന്റർ ബാക്ക് പൊസിഷനില്‍ അണ്ടർ 18 അണ്ടർ 21 ടീമിന്റെ ഭാഗം. യുഎഇ ഫുട്ബോള്‍ ഫെഡറേഷന്റെ കീഴിലുളള ക്ലബുകളില്‍ പരിശീലനമെന്നത് ഫുട്ബോള്‍ കരിയർ സ്വപ്നം കാണുന്ന ഏവരുടെയും സ്വപ്നമാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2018 ല്‍ മൂന്ന് മാസമെടുത്താണ് റജിസ്ട്രേഷന്‍ പൂർത്തിയാക്കിയത്. പ്രവാസിയായതുകൊണ്ടുതന്നെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ നോ ഒബ്ജക്ഷന്‍ ലെറ്ററുണ്ടെങ്കില്‍ മാത്രമെ റജിസ്ട്രേഷന്‍ പൂർത്തിയാകൂ. ആ സമയത്ത് കാലതാമസമെടുത്തുവെങ്കിലും ഇപ്പോള്‍ വേഗത്തില്‍ നടപടികള്‍ പൂർത്തിയാക്കാനുളള സജ്ജീകരണങ്ങളുണ്ട്. ആവശ്യക്കാരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണെന്നുളളതിനാല്‍ ക്ലബുകളില്‍ നേരിട്ടെത്തി യോഗ്യത മത്സരങ്ങള്‍ക്കായി അപേക്ഷ നല്‍കുന്നതായിരിക്കും ഉചിതം. 

aidan-a-native-of-cheruvalur-thrissur-is-lacing-up-his-boots-to-train-at-ac-milan-in-italy--3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

 ∙ ജീവിതചര്യകള്‍ മാറി, ഫുട്ബോള്‍ ഒന്നാമത് 
ഫുട്ബോളിനോടുളള ഇഷ്ടം ഐഡാന്‍റെ മാത്രമല്ല, കുടുംബത്തിന്റെ മുഴുവന്‍ ജീവിത ചര്യകള്‍ മാറ്റി. ഐഡന്റെ ഒരു മത്സരം പോലും അമ്മ ക്ഷമ കാണാതിരുന്നിട്ടില്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം തുടങ്ങി പഠനവും പരിശീലനവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഐഡന് ഇടവും വലവുമുണ്ട് കുടുംബം. കാനഡയില്‍ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കി അവിടത്തന്നെ ജോലി ചെയ്യുകയാണ് സഹോദരനായ അഡ്നാന്‍. അനിയത്തി അഷ്ലീന ആറാം ക്ലാസില്‍ പഠിക്കുന്നു. വീട്ടില്‍ നിന്ന് 20 മിനിറ്റ് ദൂരത്താണ് അല്‍ നാസർ ക്ലബ്. രാവിലെ സ്കൂളില്‍ പോയി വീട്ടിലെത്തിയതിന് ശേഷം വൈകുന്നരം 4.30 ഓടെയാണ് പരിശീലനത്തിനായി ക്ലബിലെത്തുന്നത്. തിരിച്ച് വീട്ടിലെത്താന്‍ 7.30. അതിന് ശേഷമാണ് പഠനമെല്ലാം. എന്നാല്‍ ഇതെല്ലാമായിട്ടും പഠനത്തിലും ഫോ‍ർവാഡില്‍ തന്നെയാണ് ഐഡാന്റെ നില്‍പ്. പത്താം ക്ലാസ് 93 ശതമാനം മാർക്കോടെയാണ് ജയിച്ചുകയറിയത്. 

∙ ഇപ്പോള്‍ ടാലന്റ് ഷോയിലെ താരം
യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, മൊറോക്കോ രാജ്യങ്ങളിലെ പ്രതിഭകളെ ഉള്‍പ്പെടുത്തിയുളള ഫുട്ബോള്‍ ടാലന്റ് ഷോയാണ് അണ്‍സ്റ്റോപബിള്‍-ഇറ്റാലിയന്‍ ഡ്രീംസ്. വിജയിക്ക് സമ്മാനമായി ലഭിക്കുക സീരീ എ ക്ലബിലെ മൂന്ന് മാസത്തെ സൗജന്യ പരിശീലനമാണ്. യുഎഇയിലെയും സൗദി അറേബ്യയിലെയും സ്വദേശികള്‍ക്ക് പുറമെ വിദേശികളെയും ഉള്‍പ്പടുത്താന്‍ തീരുമാനിച്ചതോടെയാണ് ഐഡാന് ടാലന്റ് ഷോയിലേക്കുളള വാതില്‍ തുറന്നത്. ജനിച്ചതും വളർന്നതും യുഎഇയിലാണെന്നതും യുഎഇയിലെ ഫുട്ബോള്‍ ക്ലബില്‍ അംഗമാണെന്നതും ഐഡാന് ഗുണമായി. ഈ നാല് രാജ്യങ്ങളില്‍ ഓരോ രാജ്യത്ത് നിന്നും 100 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. ഇതില്‍ നിന്നും ഓരോ രാജ്യത്ത് നിന്നുമുളള 4 പേർ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ആ 16 പേരില്‍ ഒരാളായി ടാലന്‍റ് ഷോയുടെ ഭാഗമായി. അവസാന റൗണ്ടില്‍ മൊറോക്കോയുടെ യാസിർ സാല്‍മിയുമായാണ് ഐഡാന്‍ മത്സരിച്ചത്.

ഇറ്റാലിയന്‍ ഫുട്ബോളർമാരായ ലൂക്ക അന്‍റോണി, ക്രിസ്റ്റ്യന്‍ പനൂച്ചിയെന്നിവർ സ്ഥിരം വിധികർത്താക്കളും, മാർക്കോ മറ്റെരസി, ക്രിസ്റ്റ്യന്‍ വിയറി, ജിയാന്‍ഫ്രാങ്കോ സോള, ആന്‍ട്രി ഷേവ്ചെങ്കോ എന്നിവരും സൗദി അറേബ്യയില്‍ നിന്നുളള സാമി അല്‍ ജാബെർ, മൊറോക്കയില്‍ നിന്നുളള ഹുസ്സൈൻ ഖർജ, യുഎഇയില്‍ നിന്നുളള യഹ്യ അല്‍ ഗസാനി, ഈജിപ്സിലെ എസെ അല്‍ ഹദ്രിയും വിവിധ ഘട്ടങ്ങളില്‍ വിധികർത്താക്കളായെത്തി. അബുദബിയില്‍ ഒന്നരമാസത്തോളമെടുത്താണ് ടാലന്റ് ഷോ പൂർത്തിയാക്കിയത്. മത്സരമെന്നതിനേക്കാള്‍ ഉപരിയായി ലോകോത്തര പ്രതിഭകളുടെ കീഴില്‍ പരിശീലിക്കാനുളള അവസരം കിട്ടിയത് തന്നെയാണ് വലിയ ഭാഗ്യമെന്ന് ഐഡാന്‍ പറയുന്നു. 

∙ ദേശീയ ടീമില്‍ അംഗമാകണമെന്നത് ലക്ഷ്യം
യുഎഇയിലെയോ ഇന്ത്യയിലെയോ ദേശീയ ടീമില്‍ അംഗമാകണമെന്ന ലക്ഷ്യമാണ് യുഎഇഎഫ്എ റജിസ്ട്രഡ് കളിക്കാരനായ ഐഡാന് മുന്നിലുളളത്. നെയ്മാറാണ് ഇഷ്ടകളിക്കാരന്‍. കുട്ടിയായിരുന്നപ്പോള്‍ റൊണാള്‍ഡോയുടെ വേഗതയെല്ലാം അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് സ്വന്തം ശൈലിയിലേക്ക് മാറി. 2024 ല്‍ സിഐസ്സിഇ ഇന്ത്യന്‍ ദേശീയ സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വർണം നേടി. 2023 ല്‍ ഇന്ത്യന്‍ ദേശീയ സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 4 ഗുണം 100 മീറ്റർ റിലേയിൽ സ്വർണവും 100 മീറ്ററിലും 200 മീറ്ററിലും വെളളിയും 1500 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു.

English Summary:

Aidan, a native of Cheruvalur, Thrissur, is lacing up his boots to train at AC Milan in Italy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com