ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ അഴിമതിക്കേസിൽ രണ്ട് ജഡ്ജിമാർ ഉൾപ്പെടെ ഒട്ടനവധി സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ. സൗദി ദേശീയ അഴിമതി വിരുദ്ധ കമ്മിഷൻ (നസഹ) ആണ്  ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. 

അഴിമതി ആരോപണത്തിൽ അറസ്റ്റിലായ  സർക്കാർ ഉദ്യോഗസ്ഥരിൽ രണ്ട് ജഡ്ജിമാരുണ്ടെന്ന് നസഹ പ്രസ്താവനയിലാണ് അറിയിച്ചത്. കുറ്റാരോപിതർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. 

19,000,000 റിയാൽ വിലമതിക്കുന്ന  സാമ്പത്തിക തർക്കം പരിഹരിക്കുന്നതിന് പകരമായി വാഗ്ദാനം ചെയ്ത 1,000,000 റിയാലിൽ നിന്നും 670,000 റിയാൽ കൈക്കൂലി വാങ്ങിയതിനാണ് ജ‍ഡ്ജിമാരിൽ ഒരാൾ അറസ്റ്റിലായത്. തട്ടിപ്പ് കേസിലാണ് രണ്ടാമത്തെ ജഡ്ജിയും പിടിയിലായത്. നീതിന്യായ മന്ത്രാലയവുമായി സഹകരിച്ചാണ് ജനറൽ കോടതിയിലെ  ജഡ്ജിയെ അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസിൽ വ്യവസായ കോളജിലെ ഒരു ജീവനക്കാരൻ വിദ്യാർഥികളുടെ പ്രതിമാസ അലവൻസുകളിൽ നിന്ന് 1,492,072 റിയാൽ അപഹരിച്ചതായും കണ്ടെത്തി. വ്യക്തിഗത നേട്ടത്തിനായി പണം വകമാറ്റാൻ വ്യക്തി രേഖകളിൽ കൃത്രിമം കാണിക്കുകയും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ചേർക്കുകയും ചെയ്തു.

ഭൂമിയുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്നതിനായി 4,461,500 റിയാൽ കൈക്കൂലി വാങ്ങിയതിന് ഒരു നോട്ടറി പബ്ലിക്കും ഒരു പൗരനും പിടിയിലായി. അതേസമയം ജയിൽ ജനറൽ ഡയറക്ടറേറ്റിലെ ഒരു മേജർ  വിദേശ തടവുകാരിൽ ഒരാളെ നാടുകടത്തുന്നത് തടയാൻ വാഗ്ദാനം ചെയ്ത 100,000 റിയാലിൽ നിന്ന് 60,000 റിയാൽ വാങ്ങിയതോടെയാണ് പിടിക്കപ്പെട്ടത്.  

കേസ് ഒഴിവാക്കാനും പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് തടഞ്ഞുവയ്ക്കാനും 100,000 റിയാൽ സ്വീകരിച്ചതിന് മറ്റൊരു പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു.   സാമ്പത്തിക കുടിശ്ശികയായ 800,000 റിയാൽ വേഗത്തിൽ വിതരണം ചെയ്യുന്നതിനായി  കരാറുകാരനിൽ നിന്ന് 150,000 റിയാൽ വാങ്ങിയതിന് മറ്റൊരു സർക്കാർ ജീവനക്കാരനും അറസ്റ്റിലായി. 

20,000 റിയാലിന് പകരമായി ഒരു വാണിജ്യ സ്ഥാപനത്തിന് അനധികൃതമായി അംഗീകാര കത്ത് നൽകിയതിന് മുൻ സിവിൽ അഫയേഴ്സ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തതായും നസഹ റിപ്പോർട്ട് ചെയ്തു.  ഒരു നിർമാണ സ്ഥലത്തിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് 15,000 റിയാൽ കൈപ്പറ്റിയതിന് രണ്ട് മുനിസിപ്പൽ ജീവനക്കാരും ഒരു ഇടനിലക്കാരനും ഒരു ബിസിനസുകാരനും കസ്റ്റഡിയിലായി.

 സ്പോൺസർഷിപ്പ് ഫോം സാക്ഷ്യപ്പെടുത്തുന്നതിന് ഒരു ജില്ലാ മേയർ പണം സ്വീകരിക്കുമ്പോൾ പിടിക്കപ്പെട്ടു. അതേസമയം സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷനിലെ ഒരു ജീവനക്കാരൻ നിയമവിരുദ്ധമായി പേപ്പർവർക്കുകൾ വേഗത്തിലാക്കാൻ 6,000 റിയാൽ സ്വീകരിച്ചതായി കണ്ടെത്തി.

കൂടാതെ ഒരു താമസക്കാരനിൽ നിന്ന് 30,000 റിയാൽ മോഷ്ടിച്ചതിന് സുരക്ഷാ പട്രോളിങിലെ ഒരു നോൺ-കമ്മീഷൻഡ് ഓഫീസറെ കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഒരു ജീവനക്കാരൻ തൻ്റെ ജോലിസ്ഥലത്ത് നിന്ന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അപഹരിച്ചതിനും കേസെടുത്തു. അതേസമയം ഏതൊക്കെ  രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വിശദമാക്കിയിട്ടില്ല. 

English Summary:

Saudi Arrests 2 Judges and Other Officials in Corruption Crackdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com