അഡ്നോക് അബുദാബി മാരത്തൺ: ഇത്യോപ്യയുടെ ചാല കെത്മ റെഗാസ, കെനിയയുടെ കാതറീൻ ജേതാക്കൾ
Mail This Article
അബുദാബി ∙ തലസ്ഥാന നഗരിയിലെ തിരക്കേറിയ റോഡുകളെ റണ്ണിങ് ട്രാക്കാക്കി നടന്ന ആറാമത് അഡ്നോക് അബുദാബി മാരത്തണിൽ (42.2 കി.മീ) പുരുഷ വിഭാഗത്തിൽ ഇത്യോപ്യയുടെ ചാല കെത്മ റെഗാസയും (2:06:16) വനിതാ വിഭാഗത്തിൽ കെനിയയുടെ കാതറീൻ റെലീൻ അമനാംഗും (2:20:41) ജേതാക്കളായി.
അഡ്നോക് അബുദാബി മാരത്തൺ ജേതാവാകുന്ന ആദ്യ ഇത്യോപ്യക്കാരനാണ് റെഗാസ. മത്സരത്തിൽ ആദ്യാവസാനം വരെ ആധിപത്യം നിലനിർത്തിയും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയുമാണ് റെഗാസ ചാംപ്യൻ പട്ടം നേടിയത്. എങ്കിലും അദ്ദേഹത്തിന്റെ തന്നെ മികച്ച പ്രകടനം (2.06.11) മറികടക്കാനായില്ല. 2019ൽ കെനിയയുടെ റൂബൻ കിപയെഗൊ സ്ഥാപിച്ച റെക്കോർഡിന് (2.04.40) അടുത്തെത്താനും സാധിച്ചില്ല.
പുരുഷ വിഭാഗത്തിൽ ജിബൂട്ടിയുടെ ഇബ്രാഹിം ബൂഹ് (2.06.16) 17 സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. കെനിയയുടെ വിൽഫ്രഡ് കിഗൻ (2.06.47) ആണ് മൂന്നാം സ്ഥാനം നേടിയത്. അബുദാബി മാരത്തണിൽ കെനിയൻ ആധിപത്യം കാത്തുസൂക്ഷിക്കുകയായിരുന്നു വനിതാ വിജയി കാതറീൻ.
മുൻ വർഷങ്ങളിൽ നടന്ന മാരത്തണിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഏതെങ്കിലുമൊരു വിജയി കെനിയയിൽ നിന്നായിരുന്നു. എറിത്രിയയുടെ ഡോൾഷി ടെസ്ഫു (2.23.47), കെനിയയുടെ ഒറിലിയ ജെറോടിക് കിപ്തൂ (2.26.28) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജീവിതത്തിലെ ആദ്യ മാരത്തൺ കിരീടം നേടിയ ആവേശത്തിലാണ് കാതറിൻ. ഇതോടനുബന്ധിച്ച് 10, 5, 2.5 കി.മീ മത്സരവും നടന്നു.