ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ ; ദീപാലങ്കാര പ്രഭയിൽ രാജ്യം; ആഘോഷത്തിരക്കിൽ പ്രവാസികളും
Mail This Article
മനാമ ∙ ദേശീയ ദിനാഘോഷ നിറവിൽ ബഹ്‌റൈൻ. ദേശീയ ദിനവും ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസഅൽ ഖലീഫയുടെ 25-ാമത് സ്ഥാനാരോഹണ വാർഷികവുമാണ് രാജ്യം ആഘോഷിക്കുന്നത്.
ഡിസംബർ 16നാണ് ബഹ്റൈൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്നും നാളെയും രാജ്യത്തിന് പൊതു അവധിയാണ്. ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാർക്ക് രാജാവ് മാപ്പ് നൽകി.
രാജ്യത്തുടനീളം വർണാഭമായ ദീപങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. പ്രധാന വീഥികൾ , ലാൻഡ് മാർക്കുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം പതാകകളും അലങ്കാരങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. കെട്ടിടങ്ങളിലും ടവറുകളിലുമെല്ലാം ബഹ്‌റൈൻ ഭരണാധികാരികളുടെ ചിത്രങ്ങളും പതിച്ചിട്ടുണ്ട്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വിളക്കുകളും ദേശസ്നേഹം പ്രതിഫലിപ്പിക്കുന്ന സന്ദേശങ്ങളുമെല്ലാം അലങ്കാരങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.
വിവിധ മന്ത്രാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങൾ, ക്ലബ്ബുകൾ ,പ്രവാസി സംഘടനകൾ എന്നിവയും ദേശീയ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. .വ്യത്യസ്ത പരിപാടികളാണ് രാജ്യമെങ്ങും നടക്കുന്നത്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ, രക്തദാന ക്യാംപുകൾ, വിനോദ പരിപാടികൾ, മത്സരങ്ങൾ എന്നിവ നടത്തുന്നുണ്ട്.
ബഹ്‌റൈൻറെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന സെലിബ്രേറ്റ് ബഹ്‌റൈൻ, മുഹറഖ് നെറ്റ്‌സ് എന്നീ പരിപാടികളും പുരോഗമിക്കുന്നു.പലയിടങ്ങളിലും കരിമരുന്ന് പ്രകടനങ്ങളുമുണ്ട്.
സ്വദേശി–വിദേശി വ്യത്യാസമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുകയാണ്. ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളുകളും സംഘടനകളും ഇന്ത്യക്കാരുടെ കൂട്ടായ്മകളും എല്ലാം പ്രത്യേകം പ്രത്യേകമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
ബഹ്‌റൈൻ കേരളീയ സമാജം , ഇന്ത്യൻ ക്ലബ്ബ്, കേരളാ കാത്തലിക് അസോസിയേഷൻ, സീറോ മലബാർ സൊസൈറ്റി,കെ എം സി സി ,ഓ ഐ സി സി എന്നിവയെല്ലാം വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ബഹ്‌റൈനിലെ ഫൊട്ടോഗ്രാഫർമാർ പലരും ദേശീയ ദിന ആഘോഷങ്ങളുടെ ഫൊട്ടോ ഷൂട്ട് നടത്തി അവ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും രാജ്യത്തിന്റെ ആഘോഷങ്ങളെ വർണ്ണാഭമാക്കുന്നുണ്ട്.