പൊതുമാപ്പ്: അവസാന അവസരം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്ത് അധികൃതർ
Mail This Article
ദുബായ് ∙ പൊതുമാപ്പ് പദ്ധതിയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കണമെന്ന് താമസ- കുടിയേറ്റ വിഭാഗം (ജിഡിആർഎഫ്എ) തലവൻ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭ്യർഥിച്ചു. പൊതുമാപ്പ് പദ്ധതിയിൽ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്.ഇതിലൂടെ ഒട്ടേറെപ്പേർക്ക് ജോലി ഉറപ്പുവരുത്താനും ജീവിതത്തിൽ സന്തോഷം കണ്ടെത്താനും സാധിച്ചുവെന്ന് അൽ മർറി പറഞ്ഞു. എന്നാൽ, ഈ അവസരം ഇനിയും പ്രയോജനപ്പെടുത്താത്തവരുണ്ട്. പലരും പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് സംശയാലുക്കളാണ്.
പാസ്പോർട്ടില്ലാത്ത വ്യക്തികളെ അവരുടെ എംബസികളുമായി ബന്ധിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയച്ചു. വീസ കാലാവധി കഴിഞ്ഞവർക്ക് അവരുടെ പദവി ക്രമപ്പെടുത്താനും നാട്ടിലേക്ക് മടങ്ങാനും സഹായം നൽകി.
പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവർ ഭാവിയിൽ ഖേദിക്കേണ്ടിവരുമെന്ന് അൽ മർറി മുന്നറിയിപ്പ് നൽകി. ഈ അവസരം അവസാനിക്കാൻ 15 ദിവസത്തിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. പിഴ ഒഴിവാക്കി പുതിയ ജീവിതം ആരംഭിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
∙പൊതുമാപ്പ് ഉപയോഗപ്പെടുത്താവർക്കെതിരെ ശക്തമായ ക്യാംപെയ്ൻ
പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കർശന പരിശോധനാ ക്യാംപെയ്നുകൾ നടത്തുമെന്ന് നിയമ ലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു.
∙ അനധികൃത താമസക്കാരെ കണ്ടാൽ അറിയിക്കുക
അനധികൃത താമസക്കാരെ കണ്ടാൽ അറിയിക്കണമെന്നും ജിഡിആർഎഫ്എ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 8005111 എന്ന നമ്പരിലൂടെയോ, 24/7 പ്രവർത്തിക്കുന്ന ആമർ കോൺടാക്ട് സെന്‍റർ വഴിയോ റിപ്പോർട്ട് ചെയ്യാനുമാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്
യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുമായി സെപ്റ്റംബർ ഒന്നിന് 2 മാസത്തേക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി 2 മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.