ADVERTISEMENT

ജിദ്ദ ∙ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഒക്‌ടോബറില്‍ പണപ്പെരുപ്പം 1.7 ശതമാനമായിരുന്നു. ഇതിനെ അപേക്ഷിച്ച് നവംബറില്‍ പണപ്പെരുപ്പം 0.3 ശതമാനമാണ് ഉയർന്നത്. പതിനാറു മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് നവംബറിലെത്. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നിരുന്നു. പാര്‍പ്പിട വാടക ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ പ്രധാന കാരണം.

കഴിഞ്ഞ മാസം പാര്‍പ്പിട വാടക 10.8 ശതമാനമാണ് ഉയർന്നത്. തുടര്‍ച്ചയായി 33-ാം മാസമാണ് രാജ്യത്ത് പാര്‍പ്പിട വാടക ഉയരുന്നത്. പതിവിനു വിപരീതമായി കഴിഞ്ഞ മാസം മക്കയിലാണ് പാര്‍പ്പിട വാടക ഏറ്റവുമധികം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം നവംബറിനെ  അപേക്ഷിച്ച് കഴിഞ്ഞ മാസം മക്കയില്‍ പാര്‍പ്പിട വാടക 26.6 ശതമാനം ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള ബുറൈദയില്‍ 21.9 ശതമാനവും മൂന്നാം സ്ഥാനത്തുള്ള റിയാദില്‍ 21.5 ശതമാനവും പാര്‍പ്പിട വാടക ഉയര്‍ന്നു.

മൂന്നു നഗരങ്ങളില്‍ പാര്‍പ്പിട വാടക കുറഞ്ഞു. പാര്‍പ്പിട വാടക ഏറ്റവുമധികം കുറഞ്ഞത് സകാക്കയിലാണ്. ഇവിടെ ഒരു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക 7.3 ശതമാനം കുറഞ്ഞു. അബഹയില്‍ 1.9 ശതമാനവും ഹുഫൂഫില്‍ 1.7 ശതമാനവും പാര്‍പ്പിട വാടക കുറഞ്ഞു. ഉംറ തീര്‍ഥാടകരുടെ എണ്ണം ഉയര്‍ന്നതാണ് മക്കയില്‍ പാര്‍പ്പിട വാടക വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ മാസം സൗദിയില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ബുറൈദയിലാണ്.

ബുറൈദയില്‍ 9.2 ഉം റിയാദില്‍ 3.5 ഉം ജിസാനില്‍ 2.7 ഉം ശതമാനമായിരുന്നു പണപ്പെരുപ്പം. സൗദിയില്‍ കഴിഞ്ഞ വര്‍ഷം 2.3 ശതമാനമായിരുന്നു പണപ്പെരുപ്പം. ഈ കൊല്ലം 1.7 ഉം അടുത്ത മൂന്നു വര്‍ഷം 1.9 ശതമാനവുമാകും പണപ്പെരുപ്പമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മൂല്യവര്‍ധിത നികുതി അഞ്ചു ശതമാനത്തില്‍ നിന്ന് പതിനഞ്ചു ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ പണപ്പെരുപ്പം 6.2 ശതമാനമായി ഉയര്‍ന്നിരുന്നു.

English Summary:

Inflation has risen to two percent in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com