സൗദിയിൽ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ തസ്തികളിലേക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി
Mail This Article
റിയാദ് ∙ സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള നൈപുണ്യ യോഗ്യതാ പരീക്ഷ നിബന്ധന കൂടുതൽ തസ്തികളിലേക്ക് എർപ്പെടുത്തി. 174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായുണ്ട്. അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, കാർപെന്‍റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്.
പങ്കെടുക്കേണ്ടുന്ന ഉദ്യോഗാർഥികൾക്കായി പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വീസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കാൻ സൗകര്യങ്ങൾ ലഭ്യമാണ്. ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ഡിവൈസ് മെയിന്‍റനൻസ് ടെക്നീഷ്യൻ, എച്ച്വിഎസി ഓട്ടോമോട്ടിവ് മെക്കാനിക്ക്, പ്ലബിങ്, വെൽഡിങ്, ബിൽഡിങ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക്ക്സ്മിത്ത് എന്നീ തൊഴിലുകൾക്കുള്ള യോഗ്യത പരീക്ഷ കേന്ദ്രം കേരളത്തിൽ തന്നെ സജ്ജീകരിക്കുന്നുണ്ട്. ഇത് കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടും.