ADVERTISEMENT

മനാമ ∙ ജോലിയില്ലാത്തതിന്റെ അല്ലെങ്കിൽ വീസ പ്രശ്നങ്ങൾ അതുമല്ലെങ്കിൽ കുടുംബത്തിലെ അസ്വാരസ്യങ്ങൾ ഇവയെല്ലാം കൊണ്ട് ടെൻഷനിൽ ആണോ നിങ്ങൾ ? എങ്കിൽ അൽപസമയം പ്രകൃതി ഭംഗി ആസ്വദിച്ച് ടെൻഷൻ ഫ്രീ ആകാം–ഈ ടെൻഷൻ പാർക്കിലേക്ക് വന്നാൽ.  ഇനി ജോലി ഇല്ലാതെ വിഷമിക്കുന്നവരാണെങ്കിൽ ചിലപ്പോൾ ദിവസവേതനാടിസ്ഥാനത്തിൽ ജോലിയും ലഭിച്ചേക്കാം. ബഹ്റൈനിലെ സൽമാനിയ ഷെയ്ഖ് മുഹമ്മദ് അവന്യൂവിലെ ലുലു റോഡിനടുത്തെ സിഗ്നലിന് സമീപത്താണ് ടെൻഷൻ പാർക്ക് സ്ഥിതി  ചെയ്യുന്നത്. പാർ‌ക്കിലേയ്ക്കുള്ള വഴി അറിയാത്തവർക്ക് ഗൂഗിളിന്റെ സഹായം  തേടാം. അത്രകണ്ട് പ്രശസ്തമാണ് ഈ പാർക്ക്. 

ടെൻഷൻ പാർക്ക് എന്ന പേരുകേട്ട് പാർക്കിലെത്തിയാൽ ടെൻഷൻ കൂടുമോ എന്ന ടെൻഷൻ വേണ്ട.  വിശ്രമിക്കാനും അൽപം ശുദ്ധവായു ശ്വസിക്കാനും ടെൻഷൻ ഫ്രീ ആകാനുമെല്ലാം ബാച്ചിലേഴ്സ് കൂടുതലുമെത്തുന്നത് ഇവിടെയാണ്.  ചുരുക്കിപറഞ്ഞാൽ ബാച്ചിലർമാരായ  തൊഴിലാളികളുടെ വിശ്രമകേന്ദ്രമാണ് ചുറ്റും മരങ്ങളാൽ നിറഞ്ഞ  ഈ പാർക്ക്. പാർക്കിന്റേതായ വലിയ സൗകര്യങ്ങളൊന്നും ഇവിടെയില്ലെങ്കിലും ഇവിടുത്തെ മരതണലുകൾക്ക് കീഴിലെ  അരമതിലിൽ  വെയിലേൽക്കാതെ ഇരുന്ന് വർത്തമാനം പറയാം. ഈ അരമതിൽ ആണ് പാർക്കിലേക്കുള്ള പ്രധാന ആകർഷണം എന്നു വേണമെങ്കിൽ പറയാം. 

പാർക്കിന്റെ പരിസര പ്രദേശങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്ന ഒട്ടനവധി ഫ്ളാറ്റുകളുള്ളതിനാൽ  വൈകുന്നേരങ്ങളിലും ഒഴിവു ദിനങ്ങളിലും ഇവിടെ പ്രവാസി  തൊഴിലാളികളുടെ തിരക്കാണ്. മുറിക്കുള്ളിൽ തന്നെ ഇരുന്ന് വീർപ്പുമുട്ടാതെ മണിക്കൂറുകളോളം സൊറ പറഞ്ഞിരിക്കാനുള്ള ഇടമായി ടെൻഷൻ പാർക്ക് മാറിയിട്ട് വർഷങ്ങളായി. ജോലി കഴിഞ്ഞുള്ള വിശ്രമത്തിനും നാട്ടിലേക്ക് ഫോൺ  വിളിക്കാനും എത്തുന്നവരുടെ തിരക്കാണിവിടെ. 

ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്
ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്

കെട്ടിട നിർമാണം മുതൽ കാർപെന്ററി, പെയിന്റിങ്  തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും.  കമ്പനികളിൽ  സ്‌ഥിരമായി ജോലിയില്ലാത്ത ഇവരിൽ ഭൂരിഭാഗം പേരും തൊഴിൽ ദാതാക്കളെ കാത്തുനിൽക്കുന്ന ഒരു താവളമായാണ്  ഈ പാർക്ക് ഉപയോഗപ്പെടുത്തുന്നത്. സാങ്കേതിക വിദ്യ ആവശ്യമില്ലാത്ത ഏതു ജോലിയും ചെയ്യാൻ നൈപുണ്യമുള്ളവരെ ആവശ്യമുള്ളവർക്ക്  ഈ പാർക്കിലേയ്ക്ക് വരാം. തങ്ങളെ തേടി കമ്പനികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ജോലിയില്ലാത്ത മിക്കവരും ഇവിടെ കാത്തിരിക്കുന്നത്. നിർമ്മാണ ജോലികളിൽ കരാർ എടുത്തിട്ടുള്ള ചെറുകിട കമ്പനി പ്രതിനിധികൾ മുതൽ ഇടത്തരം കരാറുകാർ വരെ ദിവസേന തൊഴിലിടങ്ങളിലേക്ക് ആളുകളെ തേടി ഈ ടെൻഷൻ പാർക്കിൽ എത്താറുണ്ട്. 

∙ വാഹനം നിർത്തിയാൽ പ്രതീക്ഷയോടെ തൊഴിലാളികൾ
ഏതെങ്കിലും വാഹനം പാർക്കിനടുത്ത് നിർത്തിയാൽ പ്രതീക്ഷയോടെയാണ് പാർക്കിൽ കാത്തിരിക്കുന്ന തൊഴിലാളികൾ ഓടിയെത്തുന്നത്.  ഏതു ജോലിയും ചെയ്യാൻ സന്നദ്ധരായി എത്തുന്ന ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്യാൻ ചെറിയ പ്രതിഫലമേ ആവശ്യപ്പെടുകയുള്ളു എന്നതിനാൽ ഇടത്തരം കരാർ എടുത്തിട്ടുള്ള കമ്പനികൾക്ക് ഇവിടെയെത്തുന്ന തൊഴിലാളികളെയാണ് താൽപര്യവും.

ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്
ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്

പാകിസ്‌ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യക്കാരും നോർത്ത് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുമാണ് ഇവിടെ ജോലി അന്വേഷിച്ച് എത്തുന്നവരിൽ വലിയൊരു വിഭാഗവും.  ഇവിടെ നിന്ന് തൊഴിലാളികളെ ജോലിക്കായി കൊണ്ടുപോകാൻ നിയമപരമായ വ്യവസ്‌ഥ ഇല്ലെങ്കിലും ഇപ്പോൾ ഫ്ലെക്സി വീസ സമ്പ്രദായം നടപ്പിലായതോടെ കൂടുതൽ കമ്പനികൾ ടെൻഷൻ പാർക്കിനെ ആശ്രയിക്കുന്നുണ്ട്.

വീട് മാറുമ്പോൾ ഫർണീച്ചറുകൾ മാറ്റാൻ, ബാത്ത് റൂം ടൈലുകൾ മാറ്റാൻ തുടങ്ങി  കമ്പനികളുടെ സേവനം നേരിട്ട് ആവശ്യമില്ലാത്ത തൊഴിൽ വിദഗ്ദ്ധരെ ചില വീട്ടുകാരും ഇവിടെ നിന്ന്  കൊണ്ടുപോകാറുണ്ട്. ഇവർക്കിടയിൽ ഏജന്റുമാരും പല കമ്പനികളുമായി കരാർ ജോലികളിൽ ഏർപ്പെടുന്നവരുമുണ്ട്.

ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്
ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്

ദിവസവേതന വ്യവസ്‌ഥയിൽ ആണ് ടെൻഷൻ പാർക്കിൽ നിന്നുള്ള റിക്രൂട്ട്മെന്റുകൾ. അതിനാൽ എല്ലാ ദിവസവും വൈകിട്ട് കൂലി നൽകുന്നതും  കണക്ക് തീർത്ത് ടെൻഷൻ അവസാനിപ്പിക്കാനും ഈ പാർക്ക് പലരുടെയും ആശ്വാസ കേന്ദ്രമായി മാറുന്നു. ജീവിതസാഹചര്യങ്ങളും തൊഴിലില്ലായ്മയും കാരണം കുറഞ്ഞ വേതനത്തിൽ ജോലിയെടുക്കാൻ നിര്ബന്ധിതരാവുകയാണ് പല പ്രവാസി തൊഴിലാളികളും.

English Summary:

Tension Park: Everything to know about the 'Tension Park' in Manama, Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com