ഹൃദയത്തിൽ 2024: ആദ്യമായി മാതൃത്വത്തിന്റെ നോവറിഞ്ഞു; യാത്രാ സ്വപ്നങ്ങൾ പൂവണിഞ്ഞു
Mail This Article
സന്തോഷവും ദു:ഖവും നിറഞ്ഞ മറക്കാനാകാത്ത ഒരുപിടി അനുഭവങ്ങൾ മാത്രമല്ല മുന്നോട്ട് സഞ്ചരിക്കാനുള്ള ഊർജം കൂടി പകർന്നാണ് 2024 വിട പറയുന്നത്. നാളേറെയായുള്ള ഇഷ്ടങ്ങൾ നടത്താൻ കഴിഞ്ഞത്, നിനച്ചിരിക്കാതെ ലഭിച്ച അംഗീകാരങ്ങൾ, ആരോഗ്യകരമായ ജീവിതം തുടങ്ങിയത്, ആദ്യമായി മാതൃത്വത്തിന്റെ നോവറിഞ്ഞത്, അതുമല്ലെങ്കിൽ യാത്രാ സ്വപ്നങ്ങൾ പൂവണിഞ്ഞതിന്റെ ഇങ്ങനെ പ്രവാസമണ്ണിൽ ജീവിക്കുന്ന മിക്ക മലയാളികൾക്കും 2024 ന്റെ ആൽബത്തിൽ നല്ലോർമകളായി അടയാളപ്പെടുത്താൻ ഏറെയുണ്ട്. കൂടുതൽ കരുത്തോടെ പുതു വർഷത്തെ സ്വാഗതം ചെയ്യാൻ 2024 ജീവിതത്തെ ആക്ടീവ് ആക്കിയതെങ്ങനെയെന്നറിയാം.
ഇഷ്ടങ്ങൾക്ക് മുൻതൂക്കം ലഭിച്ച വർഷം
നസീഹ മജീദ്,
ട്രെയിനിങ് കോ–ഓർഡിനേറ്റർ, എച്ച്എംസി, ദോഹ സ്വദേശം–കുറ്റ്യാടി, കോഴിക്കോട്
നന്മകളാൽ സമ്പന്നമായ ഒരു പാട് അനുഗ്രഹങ്ങൾ, അവസരങ്ങൾ, അംഗീകാരങ്ങൾ ഒക്കെ സമ്മാനിച്ച വർഷമാണ് 2024 . പാഷൻ ആയി കൊണ്ട് നടക്കുന്ന എഴുത്തും വായനയുമായി ബന്ധപ്പെട്ടുള്ള എന്റെ ഇഷ്ടങ്ങൾ നേടാൻ കഴിഞ്ഞു. അതിലൊന്നാണ് കുറെ കാലമായി ആഗ്രഹിക്കുന്ന ഷാർജ ഇന്റർനാഷണൽ പുസ്തകോത്സവം. പുസ്തക പ്രകാശനത്തിൽ അതിഥി ആകാൻ കഴിഞ്ഞു. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും കാണാൻ ആഗ്രഹിച്ച പല വ്യക്തിത്വങ്ങളെയും കാണാനും, സൗഹൃദം പുതുക്കാനും സംവദിക്കാനും കഴിഞ്ഞു. ചില കയ്പുള്ള അനുഭവങ്ങൾ പുതിയ അവസരങ്ങൾ നേടാനുള്ളതായിരുന്നുവെന്ന തിരിച്ചറിവ് നൽകിയ വർഷം കൂടിയാണ് 2024. വായനയേയും, എഴുത്തിനെയും സ്വാധീനിക്കുന്ന, മറക്കാനാവാത്ത കുഞ്ഞു യാത്രകൾ ചെയ്യാനുള്ള അവസരം കിട്ടിയതും മുന്നോട്ടുള്ള എഴുത്തിന് ഊർജം പകർന്ന് 2024 എനിക്ക് നൽകിയ വലിയ സമ്മാനങ്ങളാണ്.
ജീവിതത്തിലെ സുന്ദരമായ വർഷം
ആർദ്ര ബാബു,
അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്, ദുബായ്, സ്വദേശം –വൈക്കം, കോട്ടയം
2024 എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വർഷമാണ്. ആദ്യമായി മാതൃത്വത്തിന്റെ നോവറിഞ്ഞത് 2024 സെപ്റ്റംബർ 30നാണ്. ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന കാഴ്ച –എന്റെ കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ട ദിനമാണത്. അമ്മയെന്ന വലിയ ഉത്തരവാദിത്തത്തിലേക്ക്് ജീവിതം മാറിയ വർഷം. കുഞ്ഞിന്റെ വരവ് ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മുന്നോട്ടു നടക്കാനുള്ള ഊർജവുമായി മാറി. കുഞ്ഞിന്റെ ചിരികളികളും പുഞ്ചിരിയും ജീവിതത്തിന് കൂടുതൽ അർഥവും ഉത്തരവാദിത്തവും നൽകി. ജീവിതം മൊത്തത്തിൽ മാറിമറിഞ്ഞു. അമ്മയെന്ന പുതിയ സ്ഥാനവുമായി പുതു മാതാവായി ഞാൻ എന്റെ കുഞ്ഞിനൊപ്പം ഒരുമിച്ചു എല്ലാ വെല്ലുവിളികളും സ്വീകരിക്കുകയും, പഠിക്കുകയും, അനുഭവിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞിന്റെ കൈകളിലൂടെ സ്‌നേഹവും പ്രതീക്ഷയും നിറച്ച വർഷമായി മനസിൽ 2024 നെ ഞാൻ അടയാളപ്പെടുത്തി കഴിഞ്ഞു.
ആരോഗ്യകരമായ ജീവിതത്തിന് തുടക്കം
രൂപേന്ദു സനിൽ കുമാർ
പിആർ–കമ്യൂണിക്കേഷൻ പ്രൊഫഷനൽ, ദോഹ, ഖത്തർ സ്വദേശം–കോഴിക്കോട്
ജീവിതത്തിൽ ആരോഗ്യകരമായി നല്ല മാറ്റങ്ങൾ ഉണ്ടായ വർഷമാണ് 2024. ആരോഗ്യത്തിന് വലിയ പ്രാധാന്യം കൊടുത്ത വർഷം. ദിവേസന ആരോഗ്യകരമായ ഭക്ഷണക്രമവും മുടങ്ങാതെയുള്ള വ്യായാമവും ശീലമാക്കി. ഇത്തരം നല്ല ആരോഗ്യ ശീലങ്ങളെ പിന്തുണക്കുന്ന ഒരു കൂട്ടം പോസിറ്റീവ് മനുഷ്യരെ കണ്ടുമുട്ടിയത് മാറ്റങ്ങൾക്ക് ഊർജം പകർന്നു. ആരോഗ്യകരമായ മാറ്റങ്ങൾ ജീവിതത്തിന് കൂടുതൽ പുതുമയും ഊർജസ്വലതയും നൽകി. വളരെ നേരത്തെ തന്നെ ആ ശീലങ്ങൾ തുടങ്ങേണ്ടതായിരുന്നുവെങ്കിലും 2024 ലെങ്കിലും ജീവിതത്തിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതിലൂടെ ശാരീരിക, മാനസിക ആരോഗ്യമാണ് ലഭിച്ചത്. ജീവിതത്തെ കൂടുതൽ പോസിറ്റീവ് ആക്കിയ വർഷം തന്നെയാണ് 2024.
സിനി അപ്പു
നഴ്സിങ് ക്വാളിറ്റി പ്രൊഫഷണൽ എച്ച്എംസി, ദോഹ സ്വദേശം–പിറവം, എറണാകുളം
ആത്മസ്നേഹവും ആത്മപരിപാലനവും ജീവിതത്തിൽ പുതുമ നിറയ്ക്കുമെന്ന് തിരിച്ചറിഞ്ഞ വർഷമാണ് 2024. ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ വേണമെങ്കിൽ ആദ്യം സ്വയം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യണമെന്ന ചിന്ത ഉണ്ടായ വർഷം. പുതിയ ചിന്തകൾ ദിവസങ്ങളെ കൂടുതൽ പോസിറ്റീവാക്കി. മുടങ്ങാതെയുള്ള ധ്യാനവും വ്യായാമവും മനസിന് ആഴത്തിലുള്ള സമാധാനവും സന്തുലിതത്വവും നൽകി. ശരീരത്തിന് കരുത്തു ലഭിച്ചു. ആത്മവിശ്വാസം വർധിച്ചു. സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ, സംഗീതം കേൾക്കൽ, പുസ്തകവായന, പോഡ്കാസ്റ്റുകൾ കേൾക്കൽ എന്നിവ മനസിന് ഉന്മേഷം നൽകി. സ്വയം സ്നേഹിക്കുകയും സ്വന്തം കഴിവുകളെ അംഗീകരിക്കുകയും ചെയ്തു കൊണ്ട് മനസിന് ശാന്തവും സന്തോഷമുള്ളതുമായ ജീവിതത്തിലേയ്ക്ക് മാറാൻ സാധിച്ച വർഷമാണ്.
ജിൽവി മാത്യു
പ്രൊക്യുയർമെന്റ് കോ–ഓർഡിനേറ്റർ, ദോഹ, ഖത്തർ സ്വദേശം–ഇരിട്ടി, കണ്ണൂർ
വലിയ ആഗ്രഹങ്ങളിലൊന്ന് യാഥാർഥ്യമായ വർഷമാണ് 2024. യാത്രകളുടെ നല്ലോർമകൾ സമ്മാനിച്ചതിനാൽ ജീവിതത്തിന്റെ പുസ്തകത്തിൽ അടയാളപ്പെടുത്തുന്ന വർഷം കൂടിയാണിത്. ജോലിയ്ക്കായി ഖത്തറിൽ എത്തിയ നാൾ മുതലുള്ള ആഗ്രഹമായിരുന്നു ദോഹയിൽ നിന്നൊരു വിദേശ യാത്ര നടത്തണമെന്നത്. പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിന്റെ സങ്കടത്തിലായിരുന്നു. പക്ഷേ ഈ വർഷം ജോർജിയ എന്ന മനോഹരമായ രാജ്യം സന്ദർശിക്കാൻ കഴിഞ്ഞത് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ജീവിതത്തെ കൂടുതൽ ആക്ടീവ് ആക്കി. സുഹൃത്തുക്കൾക്കൊപ്പമുള്ള ജോർജിയൻ യാത്ര ഈ വർഷത്തെ ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള ഒന്നാണ്.