ഖത്തർ ദേശീയ ദിനം നാളെ; രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ
Mail This Article
ദോഹ ∙ ഖത്തർ ദേശീയ ദിനം നാളെ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ദർബ് അൽ സായി, കത്താറ, മിഷെറിബ് ഡൗൺടൗൺ, 974 ബീച്ച്, ലുസൈൽ ബൗളെവാർഡ്, ദോഹ തുറമുഖം, ഏഷ്യൻ ടൗൺ തുടങ്ങി രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളിലും ഒട്ടനവധി പരിപാടികൾ നടക്കും.
ദോഹ കോർണിഷിലെ വർണാഭമായ ദേശീയ ദിന പരേഡ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളമായി ആഘോഷ പരിപാടികൾ നടക്കും. ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദിയായ ദർബ് അൽ സായിയിൽ ഈ മാസം 10ന് ആരംഭിച്ച പരിപാടികൾ ഡിസംബർ 18 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 3 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 21 നാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പരിപാടികളാണ് അവിടെ നടക്കുന്നത്. പരമ്പരാഗത നൃത്തങ്ങളും, സംഗീതവും ആസ്വാദകരെ ഏറെ ആകർഷിക്കുന്നുണ്ട്. കൂടാതെ അറേബ്യൻ പരമ്പരാഗത ഭക്ഷണസ്റ്റാളുകൾ ഒട്ടനവധി പേരാണ് സന്ദർശിക്കുന്നത്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തരി പാചകരീതിയുടെ തനിമ ഉയർത്തിക്കാട്ടുന്ന 'ഖത്തരി ഫ്ലേവർ' എന്ന വിഷയത്തിൽ തത്സമയ പാചക മത്സരവും നടക്കും. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 80,000 റിയാൽ, രണ്ടാം സ്ഥാനം 60,000 റിയാൽ, മൂന്നാം സ്ഥാനം 40,000 റിയാൽ എന്നിങ്ങനെ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ദർബ് അൽ സായിൽ ഓരോ ദിവസവും സന്ദർശകരുടെ എണ്ണം വർധിക്കുകയാണ് .
മിഷെറീബ് ഡൗൺ ടൗണിലെ സഹത് അൽ നഖീലിൽ 18 ന് വൈകിട്ട് 4 മണിക്ക് ആണ് പരിപാടികൾ. പരമ്പരാഗത വാൾ നൃത്തമായ അർധ, മറ്റ് കലാ പരിപാടികൾ, കരകൗശല പ്രദർശനം, ശിൽപശാലകൾ തുടങ്ങിയവ നടക്കും. നോവോ സിനിമയുടെ പങ്കാളിത്തത്തോടെ കുടുംബ-സൗഹൃദ സിനിമകളുടെ പ്രദർശനം ഓപ്പൺ എയർ പ്രദർശന ഇടമായ ബരാഹയിൽ നടക്കും. കൂടാതെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം ഇവിടുത്തെ ഭീമൻ സ്ക്രീനിൽ ലൈവ് ആയി കാണാം.
റാസ് അബു അബൗദിലെ 974 ബീച്ചിൽ 18ന് രാവിലെ 8 മുതൽ രാത്രി 8 വരെ കുടുംബ സൗഹൃദ ആഘോഷങ്ങളാണ് നടക്കുക. സന്ദർശകർക്ക് ബീച്ചിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും. അതിഥികൾക്ക് ഖത്തരി ആതിഥ്യം അനുഭവിക്കാൻ കഴിയുന്ന പരമ്പരാഗത ബെഡൂയിൻ ശൈലിയിലുള്ള ടെന്റുകൾ ബീച്ച് ഫ്രണ്ടിൽ സ്ഥാപിക്കും. പരമ്പരാഗത, കലാ, സാംസ്കാരിക പ്രദർശനങ്ങളും നടക്കും. ഭക്ഷണ പ്രേമികൾക്ക് രുചിവൈവിധ്യങ്ങളുമായി ഭക്ഷണ–പാനീയ സ്റ്റാളുകളുമുണ്ടാകും.
ലുസെയ്ൽ ബൗളെവാർഡിൽ നാളെ വൈകിട്ട് 3 മണി മുതലാണ് ദേശീയ ദിനാഘോഷം. ഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം ഇവിടുത്തെ ഭീമൻ സ്ക്രീനിൽ ലൈവ് ആയി ആസ്വദിക്കാം. മൈലാഞ്ചി, ഫെയ്‌സ് പെയിന്റിങ്, കളറിങ് സ്റ്റേഷനുകൾ, ടീ-ഷർട്ട് കളറിങ്, പ്രാദേശിക കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള പരമ്പരാഗത ഖത്തരി ഗെയിമുകൾ എന്നിവയും ഇവിടെയുണ്ടാകും. സന്ദർശകർക്ക് പ്രാദേശിക പാചകരീതികളും ആസ്വദിക്കാം.