സൗദിയിൽ 'നോ ലിമിറ്റ്സ്' ക്യാംപെയ്ന് തുടക്കം
Mail This Article
ജിദ്ദ ∙ തീരദേശ വിനോദസഞ്ചാര മേഖല വിപുലീകരിക്കുന്നതിനായ്, 'നോ ലിമിറ്റ്സ്' ക്യാംപെയ്ൻ ആരംഭിച്ചു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ സൗദി ക്രൂയിസ് കപ്പലായ അറോയയുടെ ഉദ്ഘാടന യാത്രയോട് അനുബന്ധിച്ചാണ് സൗദി റെഡ്സീ അതോറിറ്റി പ്രചാരണം തുടങ്ങിയത്. ക്രൂയിസി, യാച്ചിങ്, ഡൈവിങ്, സ്നോർക്കലിങ്, വിനോദ മത്സ്യബന്ധനം, കടൽത്തീര പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സമുദ്ര വിനോദസഞ്ചാര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പ്രചാരണ പരിപാടി സജ്ജീകരിച്ചിരിക്കുന്നത്.
കടൽ വിനോദസഞ്ചാരത്തിന് പ്രധാന ലക്ഷ്യസ്ഥാനമായി ചെങ്കടൽ തീരത്തെ മാറ്റുന്നതിന് 'നോ ലിമിറ്റ്സ്' ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്തെ പ്രകൃതിയും വെള്ളവും വൈവിധ്യമാർന്ന സമുദ്രജീവികളും സഞ്ചാരികളെ ആകർഷിക്കുന്നു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയാണ് സൗദി റെഡ് സീ അതോറിറ്റി ഇതിന് മേൽനോട്ടം വഹിക്കുന്നത്. സൗദി വിഷൻ 2030 ന്റെ ചട്ടക്കൂടിന് കീഴിൽ ടൂറിസം അതോറിറ്റിയുടെ ഏറ്റവും പുതിയ സംരംഭം രാജ്യത്തിന്റെ വിശാലമായ ടൂറിസം കാഴ്ചപ്പാടുമായി യോജിക്കുന്നു. ഈ സംരംഭം ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സൗദി അറേബ്യയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിടുന്നു.
ഈ മേഖലയുടെ വളർച്ചയ്ക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായി, ക്രൂയിസ് സൗദി എന്ന ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന റെഡ് സീ ക്രൂയിസ് കമ്പനിക്ക് റെഡ് സീ ടൂറിസം അതോറിറ്റി ആദ്യത്തെ മാരിടൈം ടൂറിസം ഏജന്റ് ലൈസൻസ് നൽകി.
രാജ്യത്തെ ക്രൂയിസ് വ്യവസായത്തിന് ഒരു പ്രധാന നേട്ടം അടയാളപ്പെടുത്തിക്കൊണ്ട് അതോറിറ്റി അരോയ ക്രൂയിസ് കപ്പലിന് ആദ്യത്തെ ലെഷർ ടൂറിസം ടെക്നിക്കൽ ലൈസൻസും നൽകി. ഈ ഉദ്യമങ്ങൾ പൂർത്തീകരിക്കുന്നതിന്, സൗദി അറേബ്യയിലെ തീരദേശ ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നാല് പുതിയ സാങ്കേതിക കോഡുകളും സമഗ്രമായ ഒരു കൂട്ടം ചട്ടങ്ങളും നിയമങ്ങളും സൗദി റെഡ് സീ അതോറിറ്റി അവതരിപ്പിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ സാക്ഷാത്കാരത്തിന് സഹായകമായ ചെങ്കടലിനെ തീരദേശ വിനോദസഞ്ചാരത്തിനുള്ള ഒരു ലോകോത്തര കേന്ദ്രമാക്കി മാറ്റാനുള്ള അതോറിറ്റിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് 'നോ ലിമിറ്റ്സ്' ക്യാംപെയ്ൻ.