രൂപയുടെ മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കി പ്രവാസികൾ; വിനിമയ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യം
Mail This Article
അബുദാബി ∙ മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും നേട്ടമുണ്ടായി.
രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23.12 രൂപയാണ് ഓൺലൈൻ നിരക്ക്. വിനിമയ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യം.
വിവിധ കമ്പനികളുടെ മൊബൈൽ ആപ്പുകളായ ബോട്ടിമും ഇത്തിസാലാത്തിന്റെ ഇ ആൻഡ് മണി ആപ്പും ഇതേ നിരക്ക് നൽകിയപ്പോൾ ധനവിനിമയ സ്ഥാപനങ്ങൾ 9 പൈസ കുറച്ച് ദിർഹത്തിന് 23.3 പൈസയാണ് നൽകിയത്. ഈ വ്യത്യാസം മൂലം പരമ്പരാഗത മാതൃകയിൽ പണം അയയ്ക്കുന്നവരുടെ എണ്ണം കുറയുകയാണ്. സൗദി റിയാൽ 22.60 രൂപ, ഖത്തർ റിയാൽ 23.29 രൂപ, ഒമാൻ റിയാൽ 220.56 രൂപ, ബഹ്റൈൻ ദിനാർ 225.19 രൂപ, കുവൈത്ത് ദിനാർ 276.04 രൂപ എന്നിങ്ങനെയാണ് ഇതര ജിസിസികളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്ക്. ഇതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്.