അമ്മയോടും കുഞ്ഞുങ്ങളോടും വേണോ ഈ ക്രൂരത? സീറ്റിന് അധിക വിലയിട്ട് വിമാനക്കമ്പനികളുടെ കൊള്ള; ഒന്നിച്ച് ഇരിക്കാനും പണം നൽകണം
Mail This Article
അബുദാബി ∙ വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ.
ആദ്യം പലനിരയിൽ സീറ്റ് നൽകിയശേഷം പണം ലഭിക്കുന്നതോടെ ഒരേ നിരയിൽ തൊട്ടടുത്ത സീറ്റുകൾ നൽകുന്നു. യാത്രക്കാരെ പിഴിഞ്ഞ് വരുമാനം കൂട്ടുകയാണ് എയർലൈനുകളെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. അമ്മമാരെയും കുട്ടികളെയും സീറ്റിന്റെ പേരിൽ വേർപിരിക്കുന്നത് ക്രൂരതയാണെന്നും യാത്രക്കാർ പറഞ്ഞു. നേരത്തെ മുൻനിരകളിലെ സീറ്റുകൾക്കും വിൻഡോ സീറ്റുകൾക്കുമാണ് ചില എയർലൈനുകൾ പ്രത്യേകം പണം ഈടാക്കിയിരുന്നത്. ഇന്ന് വിമാനത്തിൽ ലഭ്യമായ സീറ്റുകളെല്ലാം വിറ്റ് കാശാക്കുകയാണ്. വിമാന ടിക്കറ്റിന് പുറമെയാണ് ഈ കൊള്ള.
തൊടുന്നതിനെല്ലാം അധിക നിരക്ക്
ഇന്ത്യൻ എയർലൈനുകളിലാണ് ഈ അധികനിരക്ക് ഈടാക്കൽ കൂടുതൽ. ബജറ്റ് എയർലൈനുകളും അൾട്രാ ലോ കോസ്റ്റ് എയർലൈനുകളും രംഗത്ത് എത്തിയശേഷം വരുമാനം വർധിപ്പിക്കാൻ ഭൂരിഭാഗം സേവനങ്ങൾക്കും പണം ഈടാക്കുന്നു. ബാഗേജ് പരിധി കുറച്ചും അധിക ബാഗേജിന് തുക വർധിപ്പിച്ചുമായിരുന്നു തുടക്കം. പിന്നീട് ഫ്ലക്സി, ലൈറ്റ്, വിത്തൌട്ട് ബാഗേജ് തുടങ്ങി വ്യത്യസ്ത തരം ടിക്കറ്റ് നിരക്ക് പരിചയപ്പെടുത്തി. തുടർന്ന് വിമാന സീറ്റുകളിലേക്കും ഇത് വ്യാപിച്ചു. പുതിയ പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ ഫുൾ സർവീസ് കാരിയേഴ്സും മുന്നോട്ടുവന്നു.
എല്ലാ പരിധിയും കടന്ന് ചില എയർലൈനുകൾ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാത്തതിനു വരെ പണം ഈടാക്കിത്തുടങ്ങി. ചൈൽഡ് ഫെയർ ഇല്ലാതാക്കുക, ഭക്ഷണം നിർത്തുക തുടങ്ങി നേരത്തെ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടുമ്പോഴും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നില്ലെന്ന് സ്ഥിരം യാത്രക്കാരും ആരോപിച്ചു.
അധിക പണം നൽകണം
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് യാത്രക്കാർ ഓൺലൈൻ ചെക്ക് ഇൻ ചെയ്യുകയാണെങ്കിൽ മധ്യഭാഗത്തെയും പിന്നിലെയും സീറ്റ് സൗജന്യമായി ബുക്ക് ചെയ്യാമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. നേരത്തെ ചെക്ക് ഇൻ ചെയ്യുന്നവർക്കും ഒന്നിച്ച് സീറ്റ് ലഭിച്ചേക്കാം. ഒരിടത്ത് സീറ്റ് വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അധിക പണം നൽകി സീറ്റ് ഉറപ്പാക്കാമെന്നും പറയുന്നു. പ്രിഫേർഡ് സീറ്റ് എന്ന പേരിൽ മുൻനിരയിലെ 5 വരികളിലെ സീറ്റും വിൻഡോ സീറ്റ്, എക്സിറ്റ് റോ സീറ്റ്, ഐൽ സീറ്റ് (ഓരോ നിരയിലെയും ആദ്യ സീറ്റ്) എന്നിവയ്ക്കാണ് ഡിമാൻഡ്. ഇവയ്ക്ക് 120 ദിർഹം മുതൽ 50 ദിർഹം വരെ ഈടാക്കുന്ന എയർലൈനുകളുണ്ട്. മധ്യഭാഗത്തെ സീറ്റിന് ആവശ്യക്കാർ കുറവാണ്. അതിനാൽ കുറഞ്ഞ തുക നൽകി അവ ബുക്ക് ചെയ്യാനും സാധിക്കും.
അമ്മയോടും കുഞ്ഞുങ്ങളോടും വേണോ ഈ ക്രൂരത ?
കോഴിക്കോട്– റിയാദ് എയർ ഇന്ത്യാ എക്സ്പ്രസിൽ ഒരേ പിഎൻആർ നമ്പറിൽ യാത്ര ചെയ്ത അമ്മയ്ക്കും നാലും രണ്ടും വയസ്സായ കുട്ടികൾക്കും മൂന്ന് ഇടത്തായിട്ടാണ് സീറ്റ് നൽകിയത്. ഒരിടത്ത് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണം നൽകണമെന്നായി. ഓരോ സീറ്റിനും 650 രൂപ വീതം നൽകാനായിരുന്നു നിർദേശം.
യുവതിയുടെ പക്കൽ ആവശ്യപ്പെട്ട പണം ഇല്ലായിരുന്നു. ചെക്ക് ഇൻ ചെയ്യാതെ മാറ്റി നിർത്തിയതിനാൽ വിഷമിച്ച കുടുംബത്തിന് സഹ യാത്രക്കാരാണ് സഹായത്തിനെത്തിയത്. അവർ ഗൂഗിൾ പേ ചെയ്യാൻ തയാറായെങ്കിലും ജീവനക്കാർക്ക് അത് സ്വീകാര്യമായില്ല. പിന്നീട് ക്രെഡിറ്റ് കാർഡ് വച്ച് മറ്റൊരാൾ പണം നൽകിയതിനാലാണ് ആ കുടുംബത്തിന് യാത്ര ചെയ്യാനായത്
അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് പോയ ഇതേ എയർലൈന്റെ വിമാനത്തിൽ മറ്റൊരു കുടുംബത്തിനും സമാന അനുഭവമുണ്ടായി. അമ്മയ്ക്കും കൈക്കുഞ്ഞിനും ഒരിടത്തും 5 വയസ്സുള്ള കുട്ടിക്ക് 6 നിര പിറകിലുമായിരുന്നു സീറ്റ്. അമ്മയെ വിട്ടുനിൽക്കാൻ കഴിയാത്ത കുഞ്ഞുങ്ങൾ ഒരിടത്ത് ഇരിപ്പുറപ്പിച്ചു. എന്നാൽ പണം കൊടുത്ത് വാങ്ങിയ സീറ്റിൽനിന്ന് മാറില്ലെന്നായി സീറ്റ് ഉടമ. വിമാന ജീവനക്കാരിയോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അതേ നിരയിലിരുന്ന മറ്റൊരാൾ ഇയാൾക്ക് സീറ്റ് നൽകുകയും അയാൾ പുറകിലേക്കു മാറുകയും ചെയ്താണ് പ്രശ്നം പരിഹരിച്ചത്.