എണ്ണ ഇതര മേഖലകളിലെ മികച്ച പ്രകടനം: അധിക വരുമാനമുണ്ടാക്കി യുഎഇ; വളർച്ചാനിരക്ക് വീണ്ടും കുതിക്കും
Mail This Article
അബുദാബി∙ എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്. യുഎഇ ശതാബ്ദി 2071ന് അനുസൃതമായി അടിസ്ഥാന സൗകര്യ മേഖലയിൽ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് രാജ്യം.
സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളിൽ നിക്ഷേപ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. വിനോദസഞ്ചാരം, നിർമാണം, ഉൽപാദനം, സാമ്പത്തിക സേവന മേഖലകൾ എന്നീ മേഖലകളിൽ യുഎഇ ശക്തമായ വളർച്ച നേടി. റിയൽ എസ്റ്റേറ്റ് ഡിമാൻഡ്, വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ, സുരക്ഷിത സ്ഥലമെന്ന പദവി എന്നിവ വളർച്ചയ്ക്കും വാടക വർധനയ്ക്കും കാരണമായി.
യുഎഇയുടെ ഉയർന്ന ക്രൂഡ് ഓയിൽ ഉൽപാദനം, ഹൈഡ്രോകാർബൺ എന്നിവയിലൂടെ ജിഡിപി വളർച്ചാനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. കോവിഡിനുശേഷം റിയൽ എസ്റ്റേറ്റ്, ട്രാവൽ ആൻഡ് ടൂറിസം, വ്യാപാരം, ധനകാര്യം, റീട്ടെയ്ൽ, വ്യോമയാനം തുടങ്ങി എണ്ണ ഇതര മേഖലകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇത് സമ്പദ് വ്യവസ്ഥയിൽ വൻ കുതിപ്പിന് കാരണമായി.
വമ്പൻ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എണ്ണ വില വർധനയിലൂടെയുള്ള അധിക വരുമാനം, പുതിയ കോർപറേറ്റ് നികുതി, ആദായനികുതി എന്നിവ ഉൾപ്പെടെ മറ്റു വരുമാനങ്ങളും വർധിച്ചുവരികയാണ്.