ADVERTISEMENT

അബുദാബി ∙ പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ. പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകാനും നിർദേശമുണ്ട്.

എല്ലാവിധ പുകയില ഉൽപന്നങ്ങളും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകുക, കൗൺസലിങ്, മനഃശാസ്ത്രപിന്തുണ എന്നിവ നൽകാൻ ആരോഗ്യ വിദഗ്ധർക്ക് നിർദേശം നൽകും. പുകയില ഉപയോഗം നിർത്തുമ്പോൾ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ വൈദ്യസേവനവും ആവശ്യമായ മരുന്നുകളും നൽകും. പുകയില  ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, നിർത്താൻ തയാറാകാത്തവർ, മുൻ പുകവലിക്കാർ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് തുടർ പ്രവർത്തനങ്ങൾ. 

ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പരിശോധിക്കുന്നതിന് രാജ്യാന്തര നിലവാരമുള്ള നൂതന പരിശോധനാ മാർഗങ്ങൾ സ്വീകരിക്കും. പുകവലി ഉപേക്ഷിക്കാനുള്ള സന്നദ്ധത, പുനരാരംഭിക്കാനുള്ള സാധ്യത എന്നിവ വിലയിരുത്തുന്നതിന് നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. 

പുകവലി നിർത്തൽ ക്ലിനിക്കുകളിലെ സേവനങ്ങളും മെച്ചപ്പെടുത്തും.  പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് യുഎഇ. ഇ-സിഗരറ്റ് ഉൾപ്പെടെ എല്ലാത്തരം പുകയില ഉപയോഗം കുറയ്ക്കുന്നതിനും നടപടി ശക്തമാക്കും. ഹൃദ്രോഗം, അർബുദം, മനോവൈകല്യം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രത്യാഘതങ്ങളെക്കുറിച്ചും ബോധവൽക്കരിച്ച് ദുശ്ശീലങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. 

എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്), അബുദാബി ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) എന്നിവയുമായി സഹകരിച്ചാണ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ചടങ്ങിൽ ആരോഗ്യ പ്രതിരോധ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ ഹുസൈൻ അൽ റാൻദ്, മന്ത്രാലയത്തിലെ സാംക്രമികേതര രോഗങ്ങൾ, മാനസികാരോഗ്യ വകുപ്പ് മേധാവി ഡോ. ബുതൈന ബിൻ ബെലൈല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

English Summary:

UAE Launches New Guideline against Tobacco Use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com