വ്യാജ സ്‌പെയർപാർട്‌സുകൾ വ്യാപകം; യുഎഇ ഈ വർഷം പിടിച്ചത് 25 ലക്ഷത്തിലേറെ വ്യാജ പാർട്സുകൾ
Mail This Article
അബുദാബി ∙ വാഹനങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടം ചെയ്യുന്ന വ്യാജ വാഹന സ്‌പെയർപാർട്‌സുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ. കെട്ടിലും മട്ടിലും ഒറിജിനലായി തോന്നുന്ന വ്യാജൻ സുരക്ഷാ ഭീഷണി ഉയർത്തുന്നവയാണെന്ന് അധികൃതർ വ്യക്തമാക്കി. അംഗീകൃത വ്യാപാരികളിൽ നിന്നു മാത്രമേ സ്‌പെയർപാർട്‌സുകൾ വാങ്ങാവൂ എന്നും തെളിവായി സ്വന്തം പേരിലുള്ള വാറ്റ് ഇൻവോയ്‌സ് വാങ്ങി സൂക്ഷിക്കണമെന്നും ഓർമിപ്പിച്ചു.
യുഎഇയിൽ ഈ വർഷം ഇതുവരെ 25 ലക്ഷത്തിലേറെ വ്യാജ സ്പെയർ പാർട്സുകൾ പിടികൂടി. ഇവയ്ക്ക് 74.6 ലക്ഷം ദിർഹം വില വരും. അൽഐൻ, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ അൽഫുതൈം ഓട്ടമോട്ടീവ് നടത്തിയ പരിശോധനയിലാണ് ഇത്രയും വ്യാജ വാഹന ഭാഗങ്ങൾ കണ്ടെടുത്തത്. കൂടാതെ 28.1 ലക്ഷം ദിർഹത്തിന്റെ വ്യാജ ഓയിൽ ഫിൽറ്ററുകൾ, 85,000 ദിർഹിത്തിന്റെ വ്യാജ എസി ഫിൽറ്ററുകൾ തുടങ്ങിയവയും കണ്ടെടുത്തു.
2021നെ അപേക്ഷിച്ച് വ്യാജനിൽ 116 ശതമാനം വർധനയുണ്ടായി. വ്യാജ ഉൽപന്നങ്ങളുടെ വിൽപന തടയാൻ പരിശോധന ഊർജിതമാക്കും. ഇവ ഉപയോഗിച്ചാലുള്ള അപകടം സംബന്ധിച്ച് ബോധവൽക്കരണവും ശക്തമാക്കും. വ്യാജനെ തിരിച്ചറിയാനും വിൽപന തടയാനും 7 എമിറേറ്റുകളിൽനിന്നുള്ള 414 സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും സൂചിപ്പിച്ചു.