നിയമലംഘനം ; ഖത്തറിൽ 90 കുട്ടികൾ ഉൾപ്പെടെ 155 പേർ അറസ്റ്റിൽ; 600 വാഹനങ്ങളും പിടിച്ചെടുത്തു
Mail This Article
ദോഹ ∙ ഖത്തറിൽ നിയമ ലംഘനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത 90 കുട്ടികളെയും 65 മുതിർന്നവരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. 600 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഖത്തർ ദേശീയ ദിനാഘോഷത്തിനിടെ നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.
വിവിധ രാജ്യക്കാരായ മുതിർന്നവരും കുട്ടികളുമാണ് അറസ്റ്റിലായത്. നിയമലംഘനത്തിന്റെ പേരിലാണ് 90 ഓളം പ്രായപൂർത്തിയാവാത്ത കുട്ടികളെയും അറസ്റ്റു ചെയ്തത്. പൊതു ഇടങ്ങളിൽ ആളുകളോട് അപമര്യാദയായി പെരുമാറുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവർ അറസ്റ്റിലായത്.
പൊതുസുരക്ഷാ, ക്രമസമാധാനം, പൊതു ധാർമികത എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന നിയമത്തിന്റെ ലംഘനമാണ് പിടിയിലായവരിൽ നിന്നും ഉണ്ടായതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സോപ്പ് സ്പ്രേകളും റബ്ബർ ബാൻഡുകളും ഉപയോഗിച്ച് വഴിയാത്രക്കാരെ ഉപദ്രവിക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് പൊലീസ് പലരെയും അറസ്റ്റ് ചെയ്തത്.
നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റിലായ 65 പേരെ കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങളുടെ മുകളിൽ കയറി ഇരുന്നു യാത്ര ചെയ്യുക, വാഹനങ്ങളുടെ വാതിലുകൾ തുറന്നിട്ട് അതിൽ പിടിച്ച് യാത്ര ചെയ്യുക, ഗതാഗത നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്യുക, പൊതുസുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയിൽ വാഹനങ്ങൾ ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് 600 വാഹനങ്ങൾ പിടിച്ചെടുത്തത്.
കൂടാതെ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ അലങ്കരിക്കുക, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിലും വാഹനത്തിന്റെ നിറവും ആകൃതിയും മാറുന്ന രീതിയിലും അലങ്കരിക്കുക തുടങ്ങിയ നിയമലംഘനത്തിന്റെ പേരിലും ഒട്ടനവധി വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഏതു ഘട്ടത്തിലും നിയമങ്ങളും പൊതു ധാർമികതയും പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.