ADVERTISEMENT

റിയാദ് ∙ സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ൽ ഉള്ള പ്ലംബിങ് ഇലക്ട്രിക്കൽ  ഷോപ്പിന് മുന്നിൽ നിന്നിരുന്ന ഉത്തർപ്രദേശ് സ്വദേശി മൻസൂർ അൻസാരിയുടെ (29) നേർക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന  രണ്ട് തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപെട്ടത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൻസൂറിന് മരണം സംഭവിച്ചു. തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഒൻപത് വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തു വരികയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിന്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ പോയ് മടങ്ങിയെത്തിയത്. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

English Summary:

An expatriate tragically lost their life in a car accident in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com