രാജ്യത്തെ വികസന പാതയിലേക്ക് നയിച്ച് കുവൈത്ത് അമീർ; അധികാരമേറ്റിട്ട് ഇന്ന് ഒരു വർഷം
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീറായി ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. മുന്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്നാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് മിഷാല്‍ അമരത്തേയ്ക്ക് വന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് 17-ാമത്തെ അമീറായി ചുമതലയേറ്റത്.
ഭരണാധികാരിയായ ശേഷം പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ രാജ്യത്തിന്റെ നവോഥാനത്തിനും വികസനത്തിനും അടിത്തറയിടാനുള്ള മഹത്തായ നിര്‍ദ്ദേശങ്ങള്‍ അമീർ വിശദമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് അമീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിസഭ നടപ്പാക്കിയത്. സാമ്പത്തികം, രാഷ്ട്രീയം, സുരക്ഷ, സാമൂഹികം തുടങ്ങി സമസ്ത മേഖലകളിലും വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ആറ് പതിറ്റാണ്ടിലെറെയുള്ള റസിഡന്‍സി നിയമം, ഗതാഗത നിയമം തുടങ്ങിയവയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കാനൊരുങ്ങുന്നത്.
രാജ്യ താല്‍പര്യത്തിനൊപ്പം, ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും, ശക്തിയ്ക്കും നേത്യത്വം നല്‍കി. ഈ മാസം ജിസിസി ഉച്ചകോടിയ്ക്ക് ആതിഥേയത്വം കുവൈത്താണ് വഹിച്ചത്. ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി പര്യടനം നടത്തി. രാജ്യാന്തര തലത്തിലും പ്രവര്‍ത്തനം സജീവമാക്കി. യുഎന്‍ സെക്രട്ടറി ജനറല്‍, യുറോപ്യന്‍ യൂണിയന്‍ ചീഫ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനും, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും മാധ്യമങ്ങളുടെ പങ്ക് സജീവമാക്കേണ്ടതിന്റെ ആവശ്യകതയും അമീറിന്റെ അജണ്ടയിലുണ്ടായിരുന്നു. 84-കാരനായ ഷെയ്ഖ് മിഷാല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഉയര്‍ന്ന തസ്തികളില്‍ ജോലി ചെയ്ത ശേഷം 2004-മുതല്‍ കുവൈത്ത് നാഷനല്‍ ഗാര്‍ഡിന്റെ ഉപമേധാവിയായി സേവനം അനുഷ്ഠിച്ച് വരവേയാണ് കിരീടാവകാശിയായത്.