ഒമാനിലെ സ്വകാര്യ മേഖലയിൽ വേതന ലഭ്യത ഉറപ്പാക്കാൻ ഡബ്ള്യുപിഎസ് നടപടികൾ കർശനമാക്കി
Mail This Article
മസ്കത്ത് ∙ ഒമാനില്‍ സ്വകാര്യ മേഖലയില്‍ വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കി തൊഴില്‍ മന്ത്രാലയം. ഇനി മുതല്‍ തൊഴിലാളികളുടെ വേതനം അതാതു മാസങ്ങളിൽ നിശ്ചിത തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ വഴി കൈമാറണം. നേരത്തെ ഏഴ് ദിവസം വരെ സമയം അനുവദിച്ചിരുന്നു.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഡബ്ല്യുപിഎസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതില്‍ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴില്‍ തര്‍ക്കവും (ജൂഡീഷ്യല്‍), അത് തൊഴിലാളിയുടെ ജോലി നിര്‍ത്തുന്നതിന് കാരണമാകല്‍, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതല്‍ 30 ദിവസം പൂര്‍ത്തിയാക്കാത്ത പുതിയ തൊഴിലാളികള്‍, ശമ്പളമില്ലാതെ അവധിയില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നീ ഘട്ടങ്ങളിലാണിവ.
രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ സേവനം നല്കാന് അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്കാന് കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യുപിഎസ്.
ഡബ്ല്യുപിഎസ് വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കില്‍ 50 റിയാല്‍ പിഴ ചുമത്തും. ശമ്പളം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ആദ്യം മുന്നറിയിപ്പും പ്രാരംഭ വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന സേവനവും താത്കാലികമായി നിര്‍ത്തിവെക്കും. പിന്നീട് പിഴ ചുമത്തും. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും. തൊഴിലാളികളുടെ വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമ്പോള്‍ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴില്‍ കരാറുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണം.
ഡബ്ല്യുപിഎസില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തിയ 186,817 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. വലിയ വീഴ്ചകളുണ്ടായ 57,396 സ്ഥാപനങ്ങള്‍ക്ക് നേരിട്ടും മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് 24,000 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതില്‍ 13,000 പരാതികളും വേതനവുമായി ബന്ധപ്പെട്ടായിരുന്നു.