തൊഴിൽ വിപണിയിൽ മുന്നേറി സൗദി വനിതകൾ
Mail This Article
ജിദ്ദ ∙ നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്ത് 4,38,000 ലേറെ സൗദി വനിതകൾക്കാണ് ജോലി ലഭിച്ചത്. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി 300 സൗദി വനിതകള്‍ക്ക് തൊഴിൽ ലഭിച്ചു. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.4 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി കുറഞ്ഞു.
ഈ വര്‍ഷം രണ്ടാം പാദാവസാനത്തോടെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) റജിസ്റ്റര്‍ ചെയ്ത സൗദി വനിതാ ജീവനക്കാരുടെ എണ്ണം 10,90,000 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി, ഗോസി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ വനിതാ ജീവനക്കാര്‍ 6,52,000 ആയിരുന്നു. നാലു വര്‍ഷത്തിനിടെ തൊഴില്‍ വിപണിയില്‍ പ്രവേശിച്ച വനിതകളില്‍ 78 ശതമാനവും സ്വദേശികളാണ്.
ഇക്കാലയളവില്‍ 208 സൗദി വനിതകള്‍ സ്വകാര്യ മേഖലയിലെ ജോലികള്‍ രാജിവെച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. മരണം കാരണം 722 സൗദി വനിതാ ജീവനക്കാരെ ഗോസി കണക്കുകളില്‍ നിന്ന് നീക്കം ചെയ്തു.
സൗദി ജീവനക്കാരികളില്‍ 48 ശതമാനവും റിയാദ് പ്രവിശ്യയിലാണ്. 5,28,000 സൗദി വനിതാ ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 2,22,000 സൗദി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. വനിതാ ജീവനക്കാരില്‍ 20 ശതമാനം മക്ക പ്രവിശ്യയിലാണ്. മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 1,89,000 സൗദി വനിതാ ജീവനക്കാരുണ്ട്. വനിതാ ജീവനക്കാരില്‍ 17 ശതമാനം കിഴക്കന്‍ പ്രവിശ്യയിലാണ്. മദീന, അസീര്‍, അല്‍ഖസീം, ജിസാന്‍, തബൂക്ക്, ഹായില്‍, നജ്‌റാന്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ബാഹ എന്നീ പ്രവിശ്യകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നാലു വര്‍ഷത്തിനിടെ നാലു പ്രവിശ്യകളില്‍ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് അല്‍ജൗഫിലാണ്. ഇവിടെ നാലു വര്‍ഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 145 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നാലു കൊല്ലത്തിനിടെ അല്‍ജൗഫില്‍ സ്വദേശി വനിതകള്‍ക്ക് 3,623 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ 110 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അസീറില്‍ 15,477 ഉം അല്‍ബാഹയില്‍ 1,980 ഉം പുതിയ തൊഴിലവസരങ്ങളാണ് നാലു വര്‍ഷത്തിനിടെ സൗദി വനിതകള്‍ക്ക് ലഭിച്ചത്. മക്കാ പ്രവിശ്യയിലും നാലു വര്‍ഷത്തിനിടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമീപ കാലത്ത് നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.