ടെക്സസിലെ സ്കൂളിൽ അമിതവേഗത്തിൽ വാഹനമോടിച്ച് രക്ഷിതാവ്: അധ്യാപികയ്ക്ക് ദാരുണാന്ത്യം, അഞ്ചു കുട്ടികൾക്ക് പരുക്ക്
Mail This Article
സാൻ അന്‍റോണിയോ ∙ ടെക്സസിലെ സാൻ അന്‍റോണിയോയിലെ സ്കൂളിൽ ഉണ്ടായ വാഹനാപകടത്തിൽ 22 കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. അഞ്ചു വിദ്യാർഥികൾക്ക് പരുക്കേറ്റു. എക്സൽഡ് മോണ്ടിസോറി പ്ലസിലെ അധ്യാപിക അലക്സിയ റോസാലെസ് (22) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. അവധിക്കാലം ആരംഭിക്കുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. കുട്ടികളെ കാറിൽ കയറ്റുന്നതിനിടെ ഒരു രക്ഷിതാവ് വാഹനത്തിന്‍റെ വേഗം കൂട്ടിയതാണ് അപകടത്തിന് കാരണം. കെട്ടിടത്തിലും മറ്റൊരു കാറിലും അപകടമുണ്ടാക്കിയ വാഹനം ഇടിച്ചു.
രണ്ടു വാഹനങ്ങളും മറുവശത്ത് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന വേലിയിൽ ഇടിച്ചു. അപകടസമയത്ത് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന റോസാലെസ് വാഹനത്തിനടിയിൽ കുടുങ്ങി. അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് അധ്യാപികയെ പുറത്തെടുത്തെങ്കിലും മരിച്ചു. പരുക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി.
ശവസംസ്കാര ചെലവുകൾക്കായി റോസാലെസിന്‍റെ കുടുംബത്തിന് സഹായം നൽകാൻ എക്സൽഡ് മോണ്ടിസോറി പ്ലസ് ഗോഫണ്ട്മീയിലൂടെ ധനസമാഹരണം നടത്തിയിരുന്നു.