മലയാളിയുടെ ചതിയിൽ മരുഭൂമിയിൽ 'ആടുജീവിതം'; സ്പോൺസറുടെ കൊടും ക്രൂരത, സ്നേഹത്തണലിൽ പ്രവാസി നാടണഞ്ഞു
Mail This Article
റിയാദ് ∙ സൗദിയിൽ പൂന്തോട്ട പരിചരണത്തിനുള്ള വീസയിലെത്തിയ തമിഴ്നാട് സ്വദേശി അമ്മാസിക്ക് മുന്നിൽ വിരിഞ്ഞത് പൂന്തോട്ടമായിരുന്നില്ല. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ചൂടായിരുന്നു. ഒരു മലയാളി നൽകിയ വീസയിലെത്തിയ അമ്മാസിയെ എത്തിച്ചത് മരുഭൂമിയിലെ താഴ്വരയിലായിരുന്നു. നൂറ്റി അൻപതോളം ആടുകളെ മേയ്ക്കുന്ന ജോലി ഏൽപ്പിച്ചു.
ജോലി ഭാരവും സ്പോൺസറുടെ ഉപദ്രവവും കാരണം അമ്മാസിയുടെ കുടുംബം ഏഴു മാസം മുൻപ് സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു. ഖത്തറിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ ബന്ധു സൗദിയിലുള്ള സുഹൃത്ത് ബഷീറുമായും ജിദ്ദയിലുള്ള അലി മങ്കടയുമായും കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം രണ്ട് മാസം മുമ്പ് വീണ്ടും ഇന്ത്യൻ എംബസിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംബസി ഈ വിഷയം കൈകാര്യം ചെയ്യാൻ വേണ്ടി സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി.
അടുത്ത ദിവസം തന്നെ സിദ്ദീഖ് തുവ്വൂർ റിയാദിൽ നിന്ന് 450 കിലോമീറ്റർ ദൂരെയുള്ള ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി. ഉദ്യോഗസ്ഥരുമായി വിഷയം സംസാരിച്ചപ്പോൾ അവർ സ്പോൺസറോട് തൊഴിലാളിയെ സ്റ്റേഷനിൽ ഹാജരാക്കാൻ പറഞ്ഞു. അദ്ദേഹം സ്ഥലത്തില്ല അടുത്ത ദിവസം വരാമെന്ന് പറഞ്ഞു. സ്റ്റേഷനിൽ നിന്ന് ഞങ്ങൾ അദ്ദേഹം താമസിക്കുന്ന പ്രദേശത്തെത്തിയെങ്കിലും അദ്ദേഹം അയച്ച ലൊക്കേഷനിൽ ആളെ കണ്ടെത്താനായില്ല. വാഹനം ഫോർ വീൽ ഡ്രൈവല്ലാത്തതിന്‍റെ പ്രയാസമുണ്ടായിരുന്നെങ്കിലും ഒരു ജീവൻ രക്ഷപ്പെടുത്താനായുള്ള യാത്ര മണിക്കൂറുകളോളം നീണ്ടു.
പൊലീസ് നിർദ്ദേശ പ്രകാരം അടുത്ത ദിവസം സ്പോൺസർ തൊഴിലാളിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഉദ്യോഗസ്ഥർ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ശമ്പള കുടിശിക നൽകി രണ്ടാഴ്ചക്കുള്ളിൽ നാട്ടിലയക്കാമെന്നേറ്റു. ഓക്ടോബർ അവസാനം ഫൈനൽ എക്സിറ്റ് വീസ ഇഷ്യു ചെയ്തെങ്കിലും നാട്ടിലേക്കയച്ചില്ല. പൊലീസ് വഴിയും, ഇന്ത്യൻ എംബസി വഴിയും ബന്ധപ്പെട്ടു. സിദ്ദീഖ് തുവ്വൂരും സ്പോൺസറെ ബന്ധപ്പെട്ടു. ഒടുവിൽ കഴിഞ്ഞ ദിവസം അൽ ഖസീം എയർപോർട്ട് വഴി അമാവാസി നാടണഞ്ഞു. ഫൈസൽ, അസ്കർ, യൂസുഫ് , സന്തോഷ് എന്നിവരും വിവിധ ഘട്ടങ്ങളിൽ ഈ ദൗത്യത്തിന്‍റെ ഭാഗമായി.
ലക്ഷക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന ഈ രാജ്യത്ത് ഇത്തരം തൊഴിൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ നല്ല സമീപനമാണുണ്ടാകാറുള്ളതെന്നും സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ചില കേസുകളിൽ അൽപം താമസിച്ചാലും നീതി ലഭിക്കുമെന്നതാണ് അനുഭവമെന്നും വ്യക്തമാക്കിയ സിദ്ദീഖ്, ഇതുമായി സഹകരിച്ച ഇന്ത്യൻ എംബസി, സൗദി പൊലീസ്, സാമൂഹ്യ പ്രവർത്തകർ, സുഹൃത്തുക്കൾ പ്രത്യേകിച്ച് സാജറിലെ സഹോദരങ്ങൾ ഫൈസൽ, അസ്കർ എന്നിവർക്കും നന്ദി പറഞ്ഞു.