അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി
Mail This Article
മസ്‌കത്ത്∙ മസ്‌കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് 'രിഫ്ഖ്' എന്ന പേരിൽ പ്രത്യേക കേന്ദ്രവും അനുബന്ധ പദ്ധതികളുമാണ് നടപ്പാക്കുക.
അലഞ്ഞുതിരിയുന്ന പൂച്ച, നായ, മറ്റ് മൃഗങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുകയും പദ്ധതിയുടെ ഭാഗമാണ്. ഇത്തരം മൃഗങ്ങൾ മൂലം ഉടലെടുക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയും പൊതുജന സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുകയും മറ്റൊരു ലക്ഷ്യമാണ്.
പൊതുജനങ്ങൾക്ക് അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പറ്റി അധികൃതരെ അറിയിക്കാനും ബന്ധപ്പെട്ട സ്ഥലത്തേക്ക് ഇത്തരം മൃഗങ്ങളെ മാറ്റുവാനും പദ്ധതി സഹായകമാകും. മൃഗങ്ങളുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്നതിലൂടെ ഇവയുടെ പെറ്റുപെരുകൽ കുറയ്ക്കാനും പദ്ധതി സഹായകമാകും.
മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങൾ തടയാൻ വാക്സീനേഷനും രിഫ്ഖിന്‍റെ മറ്റൊരു പ്രത്യേകതയാണ്. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കുറിച്ച് കാര്യക്ഷമമായ രീതിയിൽ ബോധവൽക്കരണവും നടത്തുമെന്നും അധികൃതർ അറിയിച്ചു.