ADVERTISEMENT

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ്, മുന്തിരിയിട്ട് വാറ്റിയെടുത്ത വൈനില്ലാതെ എന്താഘോഷം. അർമേനിയ ഉള്‍പ്പടെയുളള മിക്കരാജ്യങ്ങളിലും രുചിയുടെ അടയാളമാണ്, സംസ്കാരത്തിന്റെ ഭാഗമാണ് മുന്തിരിവൈനുകള്‍. ഒരിക്കല്‍ രുചിയറിഞ്ഞാല്‍ വീണ്ടും വീണ്ടും തേടിപ്പോകുന്ന മുന്തിരിവൈനുകളില്ലാതെ ക്രിസ്മസ് ആഘോഷം പൂർണമാകില്ലല്ലോ. യുഎഇയില്‍ റിക്രൂട്ട്മെന്റ് പ്രഫഷനലായിരുന്ന പുണെ സ്വദേശിനി ലോഭന അഹാലെ വൈനുണ്ടാക്കാന്‍ പഠിച്ചത് ആ കരിയറിനോടുളള ഇഷ്ടമൊന്നുകൊണ്ടുതന്നെയാണ്.

കോവിഡ് കാലത്താണ്  ലോഭന കരിയർ മാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്. വൈനുണ്ടാക്കാന്‍ താല്‍പര്യമുളളതുകൊണ്ട് അതിലേക്കെന്ന് ഉറപ്പിച്ചു. ഓരോ വീഞ്ഞുകുപ്പിയിലും നിറയുന്നത് ഓരോ കഥകളാണ്. പ്രകൃതിയുടെ ആത്മീയ യാത്രയാണ് ഓരോ വീഞ്ഞുകുപ്പികളുമെന്നതാണ് അഹാലെയുടെ പക്ഷം. അതുകൊണ്ടുതന്നെ വൈനുണ്ടാക്കാന്‍ പഠിക്കുകയെന്നുളളതും ഒരു കലയാണ്. അതാണ് ആദ്യം ചെയ്തത്. അ‍ർമേനിയയിലെ ഇവിഎന്‍ വൈന്‍ അക്കാദമിയില്‍ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പുതിയ കരിയറിനെ കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിച്ചു. തന്റെ പാത ഇതുതന്നെയെന്ന് ഉറപ്പിച്ചാണ് യുഎഇയില്‍ നിന്ന് അർമേനിയയിലേക്ക് അഹാലെ പറക്കുന്നത്. അവിടെ 40 വർഷത്തോളം പഴക്കമുളള മുന്തിരിത്തോട്ടങ്ങളിലൊന്ന് സ്വന്തമാക്കി. വയോത്സ് ഡിസോർ മേഖലയിലെ അരരാത്തിലാണ് വൈനറിയുളളത്. ഒട്ടും എളുപ്പമായിരുന്നില്ല യാത്ര. ഒരു സ്ത്രീ ഈ മേഖലയിലേക്ക് കടന്നുവരികയെന്നുളളതും ഈ മേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിക്കുകയെന്നുളളതും എളുപ്പമല്ല. ലക്ഷ്യം തെറ്റാതെ പിന്തുടർന്നാണ് അഹാലെ അത് നേടിയെടുത്തത്. ഫോബ്സ് മാസികയില്‍ അർമേനിയയിലെ ശ്രദ്ധിക്കപ്പെട്ട പുതിയ വൈനുകളുടെ പട്ടികയില്‍ ലോബന അഹാലെയുടെ യോഗ് വൈന്‍ ഇടം പിടിച്ചതും ആ കഠിനാധ്വാനത്തിന്റെ ഫലമായാണ്.  

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സ്ത്രീയെന്നുളള രീതിയില്‍ ഒരു വൈനറിയും അനുബന്ധയാത്രകളും അത്ര എളുപ്പമായിരുന്നില്ല. അർമേനിയന്‍ ചരിത്രവും സംസ്കാരവുമായി ഇഴുകിച്ചേർന്നാല്‍ മാത്രമെ വിപണികളിലേക്ക് കടക്കാന്‍ കഴിയുമായിരുന്നുളളൂവെന്നതും മറ്റൊരു വെല്ലുവിളി. ഇതിനായി പുസ്തകങ്ങളിലൂടെ അർമേനിയയെ കുറിച്ച് അറിഞ്ഞു. ഭാഷ പഠിച്ചു. പതിയെ പതിയെ അഹാലെയുടെ യോഗ് വൈന്‍ അർമേനിയയുടെ വൈന്‍ കേന്ദ്രങ്ങളില്‍ ഇടം പിടിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വലിയ രീതിയിലുളള ഒരു നിർമാണമല്ല യോഗ് വൈന്‍സിലൂടെ അഹാലെ ലക്ഷ്യമിടുന്നത്. ഓരോ വീഞ്ഞുകുപ്പികളിലും തന്റെ സിഗ്നേച്ചറുണ്ടാകണം. ഇന്ത്യയില്‍ ഇപ്പോഴും വൈന്‍ ഉള്‍പ്പടെയുളളവ മദ്യമെന്ന ലേബലിലാണ് വിലയിരുത്തുന്നത്. എന്നാല്‍ അതങ്ങനെയല്ല. ചിന്തകളെ ഉത്തേജിപ്പിക്കാനും ആരോഗ്യകാര്യത്തില്‍ ഗുണഫലങ്ങള്‍ നല്‍കാനും നല്ല റെഡ് വൈനുകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്, അഹാലെ പറയുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മുന്തിരിവളളികള്‍ തളിർക്കുന്നതും പൂക്കുന്നതുമെല്ലാം നിരീക്ഷിച്ച് ഗുണനിലവാരം ഉറപ്പാക്കായാണ് വീഞ്ഞിനായി ഉപയോഗിക്കുന്നത്. സഹായത്തിനായി നാല് ജോലിക്കാരുണ്ട്. എങ്കിലും എല്ലാത്തിന്റെയും മേല്‍നോട്ടം അഹാലെയ്ക്ക് തന്നെയാണ്.  വർഷത്തില്‍ ഏഴുമാസവും അർമേനിയയിലാണ്. കുടുംബം യുഎഇയിലായതുകൊണ്ട് ഇടയ്ക്ക് യുഎഇയിലേക്ക് വരും. സ്ത്രീയെന്നുളള രീതിയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ അർമേനിയയില്‍ അനുഭവപ്പെട്ടിട്ടില്ലെന്ന് അഹാലെ പറയുന്നു.

രണ്ട് തരത്തിലുളള വൈനുകളാണ് പ്രധാനമായും ഇപ്പോള്‍ നിർമിക്കുന്നത്. രണ്ട് റെഡ് വൈനുകള്‍ (യോഗ് അ‍രേനി, യോഗ ഖന്ദോഘ്നി റിസർവ്), ബൈരാഗിയെന്ന വൈറ്റ് വൈനും.  ഭാവിയില്‍ യോഗ് വൈനുകള്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമെല്ലാം എത്തിക്കണമെന്നതാണ് സ്വപ്നം. അരരാത്തിലെ കൂടാതെ അർമേനിയയിലെ അർമവിർ ഭാഗത്തും വൈനറിയെന്നുളളതാണ് ഇനി ലക്ഷ്യം. അതിനടുത്തായി ഒരു വീടും. ആ വീട് സ്വകാര്യസ്വപ്നമാണ്, അഹാനെ സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നടക്കുകയാണ്.

English Summary:

Success Story of Yog wines by Pune-based Lobhana Ahale, in UAE, which gained attention in Armenia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com