ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ ഇറങ്ങാം; സാന്തയോടൊപ്പം കാഴ്ചകൾ കാണാം
Mail This Article
അബുദാബി ∙ ക്രിസ്മസ് ആഘോഷത്തിന് മാന്ത്രിക സ്പർശമൊരുക്കി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് അബുദാബി മുഷ്‌രിഫ് മാൾ. സാന്താസ് ടൗണിലെ ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ കറങ്ങുന്ന പ്രതീതിയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. സന്ദർശകർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ നാളെ മുതൽ 3 ദിവസം സാന്തയുമുണ്ടാകും. സാന്താസ് നഗരത്തിലെ കാഴ്ചകൾ പുതുവർഷാഘോഷവും പിന്നിട്ട് ജനുവരി 5 വരെ തുടരും.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുംവിധം ആകർഷകമാണ് സാന്താസ് നഗരം. കൂകിപ്പായുന്ന ട്രെയിനിൽ കയറി സാന്തായോടൊപ്പം ഉത്തരധ്രുവത്തിലെ ക്രിസ്മസ് കാഴ്ചകൾ ആസ്വദിക്കുന്ന സങ്കൽപത്തിലാണ് ഈ ക്രിസ്മസ് നഗരം ഒരുക്കിയിരിക്കുന്നത്. യുഎഇ നിവാസികൾക്കും ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാർക്കും അവിസ്മരണീയ ക്രിസ്മസ് ഓർമകൾ സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സാന്താസ് ടൗൺ രൂപകൽപനയെന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു.
കുടുംബങ്ങൾക്ക് ഒത്തുചേരാനും എക്കാലത്തും ഹൃദയത്തിന്റെ കോണിൽ ചേർത്തുവയ്ക്കാവുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 25, 28, 29 തീയതികളിൽ സാന്തയെ നേരിൽ കാണാനും ആശംസ കൈമാറാനും (മീറ്റ് ആൻഡ് ഗ്രീറ്റ്) അവസരമുണ്ട്. ഒട്ടേറെ സമ്മാനങ്ങളുമായാണ് സാന്ത സന്ദർശകരെ കാത്തിരിക്കുന്നതെന്ന് മുഷ്‌രിഫ് മാൾ മാനേജർ റിയാസ് പറഞ്ഞു. മാളിന്റെ ഓരോ കോണും ക്രിസ്മസ് അലങ്കാരത്തിലേക്കു മാറിക്കഴിഞ്ഞു. ക്രിസ്മസ്, പുതുവർഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.