മൂന്നുനില കെട്ടിത്തിന്റെ പൊക്കത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ; ആഘോഷ നിറവിൽ അബുദാബി
Mail This Article
അബുദാബി ∙ മൂന്നുനില കെട്ടിത്തിന്റെ പൊക്കത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീയൊരുക്കി ക്രിസ്മസ് ആഘോഷമാക്കുകയാണ് അബുദാബി അൽവഹ്ദ മാൾ. 17 മീറ്റർ ഉയരത്തിലുള്ള ക്രിസ്മസ് ട്രീ 20 പേർ ചേർന്ന് 15 ദിവസമെടുത്താണ് കൃത്രിമപ്പുല്ലും ലൈറ്റുകളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് നിർമിച്ചത്. അബുദാബിയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീകളിലൊന്നായതിനാൽ ക്രിസ്മസ് ട്രീയുടെ പശ്ചാത്തലത്തിൽ സെൽഫിയും റീൽസും എടുക്കാൻ ദിവസേന ഒട്ടേറെ ആളുകളാണ് എത്തുന്നത്. കുടുംബസമേതം ഇവിടെ എത്തുന്നവരിലെ കുട്ടികൾക്ക് ഇന്നും നാളെയും സാന്താക്ലോസിന്റെ വക സമ്മാനങ്ങളുമുണ്ട്.
30ന് സ്നോ പരേഡ്, 31ന് ഫെസ്റ്റീവ് പരേഡ് എന്നിവയും ഉണ്ടായിരിക്കും. വൈകിട്ട് 5 മുതൽ രാത്രി 10 വരെ വിവിധ കലാപരിപാടികളും അരങ്ങേറും. ജനുവരി 1 വരെ കുട്ടികൾക്കായി ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാലയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓരോ ഉത്സവ സീസണിലും മാളിൽ പ്രത്യേക പരിപാടികൾ ഒരുക്കാറുണ്ട്.
ഡിസംബർ പകുതിയോടെ തന്നെ ഷോപ്പിങ് മാൾ ക്രിസ്മസ് വർണത്തിലേക്കു മാറിയിരുന്നു. ജിംഗിൾ ബെൽസിന്റെ ഈണവും തിരുപ്പിറവിയുടെ സ്മരണകളും നിറഞ്ഞ അന്തരീക്ഷമാണ് മാളിലെ ഷോപ്പുകളിലെങ്ങും. 200 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ലക്ഷം ദിർഹമും 5 കാറുകളും സമ്മാനം നൽകുന്ന വിന്റർ ഷോപ്പിങ് ഫെസ്റ്റിവലും നടന്നുവരുന്നു. 2025 ജനുവരി 5 വരെ നടക്കുന്ന ഫെസ്റ്റിവലിൽ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ മറ്റു അനേകം സമ്മാനങ്ങളും നേടാം.
അബുദാബി റീം മാൾ, യാസ് മാൾ, ഡെൽമ മാൾ, അബുദാബി മാൾ, എമിറേറ്റ്സ് പാലസ് ഹോട്ടൽ തുടങ്ങി തലസ്ഥാന നഗരിയിലെ വിവിധ ഷോപ്പിങ് മാളുകളിലും പ്രമുഖ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ക്രിസ്മസ് ട്രീകൾ നിർമിച്ച് അലങ്കരിച്ചിട്ടുണ്ട്.