സൈബർ തട്ടിപ്പുകാർക്ക് തടയിടാൻ ടെലികോം; വിദേശത്തു നിന്നുള്ള ഫോൺ വിളികൾ ഇനി വേഗം തിരിച്ചറിയാം
Mail This Article
ന്യൂഡൽഹി ∙ മൊബൈൽ ഫോണിൽ എത്തുന്ന കോളുകൾ യഥാർഥത്തിൽ വിദേശത്ത് നിന്നാണെങ്കിൽ വൈകാതെ 'ഇന്റർനാഷനൽ കോൾ' എന്ന് എഴുതികാണിക്കും. രാജ്യാന്തര നമ്പറുകൾ ഉപയോഗിച്ച് നടക്കുന്ന സൈബർ തട്ടിപ്പുകൾ തടയാനാണ് ടെലികോം വകുപ്പിന്റെ നീക്കം.
എയർടെൽ ഇതു നടപ്പാക്കി ത്തുടങ്ങിയെന്നും മറ്റ് കമ്പനികൾ ഇതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യൻ നമ്പറുകൾ +91 എന്ന സീരീസിലാണ് തുടങ്ങുന്നത്. എന്നാൽ തട്ടിപ്പുകാർ ഏറിയപങ്കും ഉപയോഗിക്കുന്നത് +8, +85, +65 എന്നിവയിൽ തുടങ്ങുന്ന രാജ്യാന്തര നമ്പറുകളാണ്.
യഥാർഥത്തിൽ കോളുകൾ വിദേശത്തു നിന്നാണ് വരുന്നതെന്ന് തോന്നുമെങ്കിലും ഇവ ഇന്ത്യയ്ക്കുള്ളിൽ നിന്നു തന്നെ ഓപ്പറേറ്റ് ചെയ്യുന്നതാണ്. 'കോൾ സ്പൂഫിങ്' രീതിയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് തടയാനുള്ള നീക്കം ഒക്ടോബറിൽ കേന്ദ്രം ആരംഭിച്ചിരുന്നു. അതുകൊണ്ട് ഭാവിയിൽ യഥാർഥ രാജ്യാന്തര കോളുകൾക്ക് 'ഇന്റർനാഷനൽ കോൾ' എന്ന അറിയിപ്പ് നൽകാനാണ് പദ്ധതി.