ദുബായിലെ ചടങ്ങില്‍ എംടിയുടെ കൈപിടിച്ച് ദുല്‍ഖർ; കാലാതീതമായ അപൂർവ ചിത്രങ്ങള്‍ പതിഞ്ഞ ക്യാമറ, അനുഭവം
Mail This Article
ദുബായ് ∙ എം.ടി. വാസുദേവന്‍ നായരുടെ അപൂർവ ചിത്രങ്ങള്‍ പകർത്താന്‍ കഴിഞ്ഞതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ ഫൊട്ടോഗ്രഫറായ ജയപ്രകാശ് പയ്യന്നൂർ എന്ന ജെപി. 1999 ലാണ് പ്രിയപ്പെട്ട എഴുത്തുകാരനെ ആദ്യമായി കാണുന്നത്. പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത അയ്യപ്പന്‍ സീരിയല്‍ ലൊക്കേഷനില്‍ വച്ചായിരുന്നു അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് ചിത്രങ്ങളെടുത്തു. ഫിലിം ക്യാമറയിൽ ആയിരുന്നു ചിത്രങ്ങൾ എടുത്തിരുന്നത്.
2005 ല്‍ ശോഭന പരമേശ്വരന്‍ സാറിനൊപ്പമാണ് എം.ടി. സാറിനെ കാണുന്നത്. അദ്ദേഹവും അനില്‍ബാബുവിലെ ബാബുവും ശത്രുഘ്നനും സിനിമാ ചർച്ചയുടെ ഭാഗമായാണ് ഒന്നിച്ചുവന്നത്. ആരെയാണ് കാണാന്‍ പോകുന്നതെന്ന് അറിയാതെയാണ് ശോഭന പരമേശ്വരന്‍ സാറിനൊപ്പം താനും പോയതെന്ന് ജെ പി പറയുന്നു. അന്ന് എംടിയുടെ നിരവധി ഫോട്ടോകളെടുക്കാനായി.
2005 ല്‍ മനോരമയുടെ 'എന്റെ മലയാള'ത്തിനായി എം.ടി.യുടെ ചിത്രങ്ങളെടുത്തിട്ടുണ്ട്. നിളയെകുറിച്ചെഴുതിയ കഥാകാരന്‍ നിളാതീരത്ത് നടന്നുവരുന്ന ചിത്രങ്ങള്‍. ജെപിയുടെ ഫോട്ടോ ശേഖരത്തില്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് ആ ചിത്രങ്ങളിന്നും.
2017 ല്‍ ദുബായില്‍ ഒരു പുരസ്കാരദാനചടങ്ങില്‍ വന്നപ്പോഴും എംടിയുടെ ഫോട്ടോകളെടുക്കാന്‍ സാധിച്ചു. അന്ന് അദ്ദേഹത്തെ സ്റ്റേജിലേക്ക് കൈ പിടിച്ച് കയറ്റിയത് ദുല്‍ഖർ സല്‍മാനാണ്. എംടിയ്ക്കൊപ്പം ദുല്‍ഖർ ഇരിക്കുന്ന ചിത്രങ്ങളും അന്ന് എടുക്കാന്‍ സാധിച്ചു.
സംവിധായകനായ സന്ധ്യമോഹനന്റെ ഒരു മാഗസിനുവേണ്ടി അഭിമുഖത്തിനായും എം.ടി.യുടെ ഫോട്ടോകളെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അന്നാണ് എം.ടി.യ്ക്കൊപ്പം ജെപി ഒരു ഫോട്ടോയെടുത്തത്. 2017 ലായിരുന്നു അത്. എന്നാല്‍ ഫോട്ടോ ശേഖരത്തിലെവിടെയും ആ ഫോട്ടോകള്‍ കാണാനില്ലെന്നുളളത് സങ്കടം. മഹാനായ എഴുത്തുകാരന്‍ വിടവാങ്ങുമ്പോള്‍, അദ്ദേഹത്തിന്റെ കാലാതീതമായ കഥാപാത്രങ്ങളെന്നപോലെ ഓർമയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ മാത്രം ബാക്കിയാകുന്നു.