യുഎഇയിൽ ജോലി ചെയ്താൽ അധിക ശമ്പളം?; അറിയാം രാജ്യം നൽകുന്ന വമ്പൻ ആനുകൂല്യങ്ങളും തൊഴിൽ സ്വഭാവവും
Mail This Article
ദുബായ് ∙ ജോലിയെന്നുളളത് ഏവരുടെയും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. യുഎഇയില്‍ സ്വപ്ന തുല്യമായ ജോലി വാഗ്ദാനം ലഭിച്ചോ, ജോലിയിൽ പ്രവേശിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുഎഇയിലെ തൊഴില്‍ മേഖലയെ മെയിന്‍ ലാൻഡ്, ഫ്രീസോണ്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവിടെ യുഎഇ തൊഴില്‍ നിയമം ബാധകമാണ്.
അതേസമയം മെയിന്‍ലാൻഡിൽ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതെങ്കില്‍ ഫ്രീസോണുകളില്‍ അതത് ഫ്രീസോണ്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത്. തൊഴില്‍ നിയമവും കോടതിയുമെല്ലാം ഒന്നുതന്നെയാണെങ്കിലും പ്രവർത്തന രീതികളില്‍ വ്യത്യാസമുണ്ടെന്ന് അർഥം. അതേസമയം ദുബായ് ഇന്റർനാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റർ, അബുദാബി ഗ്ലോബല്‍ മാർക്കറ്റ് എന്നീ ഫ്രീസോണുകളില്‍ പ്രത്യേക തൊഴില്‍ നിയമവും കോടതിയുമാണ്. ഭാഷ ഇംഗ്ലിഷാണ്.
∙ ജോലി വാഗ്ദാനം ലഭിച്ചാല്‍
മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഓഫർ ലെറ്ററും തൊഴില്‍ കരാറുമെല്ലാം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ നിയമപരമായി പ്രാബല്യത്തില്‍ വരികയുളളൂവെന്നതുകൂടി മനസ്സിലാക്കണം. യുഎഇ തൊഴില്‍ നിയമം അനുശാസിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഓഫർ ലെറ്ററില്‍ ഇല്ലെങ്കില്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കില്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന വിധത്തിലാണ് യുഎഇയില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് വി ഗ്രൂപ്പ് ഇന്റർനാഷനല്‍ നിയമവിഭാഗം മേധാവി അഡ്വ. ഷബീല്‍ ഉമ്മർ പറയുന്നു.
∙ തൊഴില്‍ കരാർ പ്രധാനം
ജോലിയുടെ സ്വഭാവം അറിയുന്നതിന് ഏറ്റവും പ്രധാനമാണ് തൊഴില്‍ കരാർ. മാത്രമല്ല, തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള പരസ്പര ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഓരോ തൊഴില്‍ കരാറുകളും. മുഴുവന്‍സമയ ജോലിയാണെങ്കിലും പാർട് ടൈം- വിദൂര ജോലിയാണെങ്കിലും തൊഴില്‍ കരാറുകള്‍ നിർണായകമാണ്. ഓഫർ ലെറ്റർ സ്വീകരിച്ചുകഴിഞ്ഞാല്‍, തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പരസ്പരധാരണയോടെ തൊഴില്‍ കരാർ ഒപ്പിട്ടുകഴിഞ്ഞാൽ, പിന്നീട് കരാറില്‍ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ജീവനക്കാരന്റെ സമ്മതം ആവശ്യമാണ്. മാത്രമല്ല, മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങള്‍ പാലിക്കുകയും വേണം. യുഎഇയില്‍ ഒരു ജോലി ലഭിച്ചുകഴിഞ്ഞാല്‍ ജോലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഓഫർ ലെറ്ററില്‍ ഒപ്പുവയ്ക്കണം. വർക്ക് പെർമിറ്റും വീസയുമെല്ലാം ലഭിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഇതും. ജോലിയില്‍ തൊഴിലാളി നിർവ്വഹിക്കേണ്ട ചുമതലകള്‍ എന്തൊക്കെയാണെന്നുളളതിന്റെ ചുരുക്കരൂപം ഇതില്‍ വ്യക്തമാക്കിയിരിക്കും. ജോലിയില്‍ പ്രവേശിച്ച് മുന്നോട്ടുപോകുന്നതിന് മുന്‍പ് ഈ കരാറുകളില്‍ തൊഴിലാളിയും തൊഴിലുടമയും ഒപ്പുവയ്ക്കണം.
∙ ജോലിയുടെ സ്വഭാവം, വേതനം, ആനുകൂല്യങ്ങള്‍
ഓഫർ ലെറ്റർ നല്‍കി കഴിഞ്ഞാല്‍ തൊഴില്‍ കരാറിലെ നിബന്ധനകള്‍ തൊഴിലാളി വായിച്ച് മനസ്സിലാക്കിയിരിക്കണം. നിബന്ധനകള്‍ എല്ലാം തൊഴിലാളിക്ക് ബോധ്യപ്പെട്ടുവെന്ന് തൊഴിലുടമയും ഉറപ്പാക്കണം. തൊഴില്‍ കരാറിലെ ഏതെങ്കിലും ഭാഗങ്ങള്‍ തൊഴിലാളിയുടെ അറിവോടെയല്ലെങ്കില്‍, ഓഫർ ലെറ്റർ വായിച്ച് ബോധ്യപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞാല്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകിയതിന് തൊഴിലുടമയ്ക്ക് 20,000 ദിർഹം വരെ പിഴ ചുമത്താമെന്ന് നിയമം അനുശാസിക്കുന്നു. യുഎഇയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഓഫർ ലെറ്ററിന്റെ ഒരു പകർപ്പ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലത്തിന് സമർപ്പിക്കാം. ഇതിനെ അടിസ്ഥാനമാക്കി വർക്ക് പെർമിറ്റ് മൊഹ്രെ നല്‍കും. തൊഴില്‍ കരാർ വായിച്ച് മനസ്സിലാക്കുക.
യുഎഇയിലെ തൊഴില്‍ കരാർ തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇടയിലുളള കരാറാണ്. പരസ്പരം ഒപ്പുവച്ച ഓഫർ ലെറ്റർ അനുസരിച്ച്, വിപുലപ്പെടുത്തിയതാണ് തൊഴില്‍ കരാറുകള്‍. തൊഴിലുടമ നല്‍കുന്ന ശമ്പളത്തിനോ ആനുകൂല്യത്തിനോ പകരമായി നിങ്ങളുടെ ജോലി ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ചുളള വിശദവിവരങ്ങള്‍ തൊഴില്‍ കരാറില്‍ ഉണ്ടായിരിക്കും. ജോലിയുടെ സമയം, ഉത്തരവാദിത്തങ്ങള്‍, ജോലിക്കയറ്റം, വീസ, മറ്റ് ആനുകൂല്യങ്ങള്‍ ഇതെല്ലാം ഈ കരാറില്‍ വ്യക്തമാക്കിയിരിക്കണം. രാജ്യത്തിന് പുറത്തുവച്ചാണ് ജോലി ലഭിച്ചതെങ്കില്‍ എന്‍ട്രി പെർമിറ്റി ഉപയോഗിച്ചായിരിക്കും യുഎഇയിലേക്ക് പ്രവേശിക്കുക. ഇവിടെയെത്തി 14 ദിവസത്തിനകം തൊഴില്‍ വീസയിലേക്ക് മാറി, തൊഴില്‍ കരാറുകള്‍ മൊഹ്റയിലേക്ക് സമർപ്പിക്കാം. തൊഴില്‍ കരാറുകള്‍ ഒപ്പുവയ്ക്കും മുന്‍പ്, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ (താമസം,ഗതാഗതം) എന്നിവ സംബന്ധിച്ചുളള കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണം. ശമ്പളം മാസവരുമാനമെന്ന രീതിയിലാണോ കമ്മിഷനോ മറ്റേതെങ്കിലും വ്യവസ്ഥകളുടെ ഭാഗമായിട്ടാണോയെന്നുളളതും ഉറപ്പാക്കണം. തൊഴില്‍ കരാറില്‍ പറഞ്ഞിട്ടുളളകാര്യങ്ങള്‍ക്ക് അനുസൃതമായിട്ടല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ മന്ത്രാലയത്തെ സമീപിക്കാമെന്നും അഡ്വ. ഷബീല്‍ ഉമ്മർ പറയുന്നു.
∙ ജോലി സമയം
യുഎഇ തൊഴില്‍ നിയമത്തിന് അനുസൃതമായാണ് ജോലി സമയം എന്നുളളത് ഉറപ്പിക്കണം. സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ്. ജോലിയുടെ സ്വഭാവം അനുസരിച്ച് ഇതില്‍ വ്യത്യാസം വന്നേക്കാം. തൊഴില്‍ കരാറില്‍ അംഗീകരിച്ച മണിക്കൂറുകള്‍ മാത്രമെ നിയമപ്രകാരം ജോലി ചെയ്യേണ്ടതായിട്ടുളളൂ. തൊഴിലാളിയുടെ അഭ്യർഥന പ്രകാരം വിദൂരമായി ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ തൊഴിലുടമ നിർദ്ദിഷ്ട പ്രവൃത്തി സമയം നിശ്ചയിക്കണം. ജോലി സമയങ്ങൾക്കിടയിൽ ആവശ്യമെങ്കില്‍ ഒരുമണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാം. ഒരു ജീവനക്കാരന് ഒരു ദിവസം ഇടവേളയില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.
∙ അധിക ജോലി, വേതനം
ജോലിയുടെ സ്വഭാവം അനുസരിച്ച് അധികമണിക്കൂർ ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയോട് ആവശ്യപ്പെടാം. ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധികമണിക്കൂർ ജോലി ചെയ്യിക്കാന്‍ അനുമതിയില്ല. ഒരു ജീവനക്കാരന് സാധാരണ സമയത്തിനപ്പുറം ജോലി ചെയ്യേണ്ടി വന്നാൽ, അധിക സമയത്തിനുള്ള ശമ്പളം മണിക്കൂറിലെ അടിസ്ഥാന ശമ്പളവും ആ തുകയുടെ 25 ശതമാനവുമാണ്. രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിൽ ഓവർടൈം ചെയ്താൽ ഇത് 50 ശതമാനമായി ഉയരും. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ നിയമം ബാധകമല്ല. പൊതു അവധി ദിനങ്ങളില്‍ അല്ലെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ ജോലി ചെയ്താല്‍ ഒരു ദിവസത്തെ ശമ്പളം ഒപ്പം അടസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും നല്‍കണം. അതല്ലെങ്കില്‍ മറ്റൊരുദിവസം അവധി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.
∙ അവധികള്‍, ജോലി മതിയാക്കിയാല്‍
വാർഷിക അവധി, അസുഖ അവധി, പ്രസവ അവധി, പൊതു അവധി തുടങ്ങി വിവിധ അവധി ദിവസങ്ങള്‍ക്കുളള വ്യവസ്ഥകളും മനസ്സിലാക്കിയിരിക്കണം. ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള വാർഷിക അവധിക്ക് അർഹതയുണ്ട്. വർഷത്തില്‍ 30 ദിവസത്തെ അവധിയെടുക്കാം. ജോലി അവസാനിപ്പിക്കുമ്പോള്‍ അവധികള്‍ ബാക്കിയുണ്ടെങ്കില്‍ അടിസ്ഥാനശമ്പളത്തില്‍ നിന്ന് അവധിവേതനം കണക്കാക്കാം. ജോലി അവസാനിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ജോലി ആരംഭിക്കുമ്പോള്‍ തന്നെ മനസ്സിലാക്കിയിരിക്കണം. അതുപോലെ തന്നെ പ്രധാനമാണ് ഇടയ്ക്ക് വച്ച് ജോലി അവസാനിപ്പിക്കുമ്പോള്‍ ഉളള വ്യവസ്ഥകളും. സാധാരണയായി ജോലി അവസാനിപ്പിക്കുന്നതിന് 30 ദിവസം മുതല്‍ 90 ദിവസം മുന്‍പ് വരെയുളള കാലയളവില്‍ രാജിവയ്ക്കുകയാണെന്ന് തൊഴിലുടമയെ അറിയിക്കണം. കരാറില്‍ പറഞ്ഞതനുസരിച്ചായിരിക്കും ഈ കാലപരിധി. ഇനി അതല്ലെങ്കില്‍ ജോലി ചെയ്യുന്ന കാലയളവും വേതനവും സംബന്ധിച്ച് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ സമവായത്തിലെത്തുകയുമാകാം.
∙ പ്രൊബേഷന്‍
സാധാരണയായി ആറുമാസമാണ് പ്രൊബേഷന്‍ കാലയളവായി യുഎഇ തൊഴില്‍ നിയമം പറയുന്നത്. സാധുവായ കാരണങ്ങളുണ്ടെങ്കില്‍ ഈ സമയത്തിനിടയില്‍ അനുകൂലമല്ലെന്ന് തോന്നിയാല്‍ ജോലി രാജിവയ്ക്കുകയോ ജോലിയ്ക്ക് അനുയോജ്യനല്ലെന്ന് കണ്ടാല്‍ തൊഴിലാളിയെ പിരിച്ച് വിടുകയോ ചെയ്യാം. തീരുമാനം തൊഴിലാളിയുടേതാണെങ്കിലും തൊഴിലുടമയുടേതാണെങ്കിലും 14 ദിവസത്തെ മുന്‍കൂർ നോട്ടിസ് നല്‍കിയിരിക്കണം. പ്രൊബേഷനിലിരിക്കെ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ തൊഴിലാളിക്ക് ചെലവായ തുക വഹിക്കേണ്ടത് പുതിയ ജോലി നല്‍കുന്ന സ്ഥാപനമായിരിക്കണം. രണ്ട് വർഷത്തെ കാലപരിധിയില്‍ ഈ തുക ആവശ്യപ്പെട്ട് പഴയ സ്ഥാപനത്തിന് അല്ലെങ്കില്‍ തൊഴിലുടമയ്ക്ക് ലേബർ കോടതിയെ സമീപിക്കാമെന്നും ഷബീല്‍ ഉമ്മർ പറയുന്നു. സാധാരണ രീതിയില്‍ ഇംഗ്ലിഷിലും അറബിക്കിലുമാണ് ജോബ് ഓഫർ ലെറ്ററുകളും തൊഴില്‍ കരാറുകളും നല്‍കുന്നത്. എന്നാല്‍ 2016 മുതല്‍ ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളീസ്, സിംഹഴ, തമിഴ്, ഉറുദു എന്നീ ഭാഷകളില്‍ നിന്ന് ഒരു ഭാഷ കൂടി മൂന്നാം ഭാഷയായി ഉള്‍പ്പെടുത്തുന്നുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട് ( അഡ്വ. ഷബീല്‍ ഉമ്മർ, വി ഗ്രൂപ്പ് ഇന്റർനാഷനല്‍ നിയമവിഭാഗം മേധാവി)