ഗതാഗത പിഴയുടെ പേരില്‍ വ്യാജ സന്ദേശം; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
Mail This Article
കുവൈത്ത് സിറ്റി ∙ ആഭ്യന്തരമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളും, മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗതാഗത പിഴ സംബന്ധിച്ച് വ്യാപകമായി ആളുകള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
രാജ്യാന്തര ഫോണ്‍ നമ്പറുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുന്നത്. ഫോണിലേക്ക് വാട്ടസ്ആപ്പ് വഴി അല്ലാതെ നേരിട്ട് മെസേജാണ് അയക്കുന്നത്. സന്ദേശം ഇപ്രകാരമാണ്- നിങ്ങള്‍ ഒരു ഗതാഗത നിയമലംഘനത്തിന് പിഴ ഒടുക്കാനുണ്ട്. അത് വൈകുംതോറും പിഴ തുക വര്‍ധിക്കും. എത്രയും വേഗം പിഴ അടയക്കണം. ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേരിനോട് സാമ്യമുള്ളതാണ് വ്യാജന്മാര്‍ അയക്കുന്നത്.
രാജ്യാന്തര നമ്പറുകളില്‍ നിന്ന് മന്ത്രാലയം ആര്‍ക്കും സന്ദേശം അയക്കാറില്ല. ഗതാഗത പിഴ ഉണ്ടോ എന്ന് മനസ്സിലാക്കുവാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലോ സാഹേല്‍ ആപ്ലിക്കേഷനോ ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.