ഹൈറോളറിനേക്കാൾ 82 മീറ്റർ ഉയരം, പാം ജുമൈറയുടെ ആകാശ ദൃശ്യം ; കൊതിപ്പിക്കും കാഴ്ചകൾ കാണാം 'ദുബായ് കണ്ണി'ൽ
Mail This Article
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബായ്, വികസന പ്രവർത്തനങ്ങൾക്കുശേഷം തുറന്നു. ക്രിസ്മസ് ദിനത്തിലായിരുന്നു സോഫ്റ്റ് ലോഞ്ചിങ്. ഐൻ ദുബായ് തുറന്ന വിവരമറിഞ്ഞ് നൂറുകണക്കിനു പേരാണ് ആദ്യ ദിനത്തിൽ പുത്തൻ അനുഭവം ആസ്വദിക്കാൻ എത്തിയത്.
ബ്ലൂവാട്ടേഴ്സ് ദ്വീപിലെ ഐൻ ദുബായിലിരുന്നാൽ ദുബായ് നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാം. ഐൻ ദുബായിൽ ഒരു തവണ കറങ്ങിവരാൻ 38 മിനിറ്റ് എടുക്കും. 250 മീറ്റർ ഉയരമുള്ള ഐൻ ദുബായിൽ ആകെ 1,750 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 48 ക്യാബിനുകളുണ്ട്. ലാസ് വെഗാസിലെ ഹൈ റോളറിനെക്കാൾ 82 മീറ്റർ ഉയരമുണ്ട് ഇതിന്.
2015 മേയിൽ നിർമാണം ആരംഭിച്ച ഐൻ ദുബായ് 2021 ഒക്ടോബറിൽ ആണ് ആദ്യമായി തുറന്നത്. കാലോചിതമായി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി 2 വർഷത്തോളം അടച്ച ശേഷം പുതുവർഷം പടിവാതിൽക്കൽ എത്തിയപ്പോൾ തുറക്കുകയായിരുന്നു. സന്ദർശകർ ബുക്ക് ചെയ്ത സമയത്തിന് അര മണിക്കൂർ മുൻപ് എത്തണം.
ബ്ലൂവാട്ടേഴ്സ് ദ്വീപ്, അഡ്രസ് ബീച്ച് റിസോർട്ട്, ദുബായ് ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് എന്നിവയുടെ വ്യക്തമായ കാഴ്ചകൾ ദൃശ്യമാകുംവിധം ചക്രം സാവധാനത്തിൽ നീങ്ങും. ഗ്ലാസ് പോഡ് ചക്രത്തിന്റെ മുകളിൽ എത്തിയാൽ പാം ജുമൈറ, അറ്റ്ലാന്റിസ്, അകലെ ബുർജ് അൽ അറബ് എന്നിവയുടെ ആകാശ ദൃശ്യം കാണാം. പകലും അസ്തമയവും രാത്രിയും കാണത്തക്ക വിധം സന്ധ്യാസമയം തിരഞ്ഞെടുക്കുന്നതായിരിക്കും അനുയോജ്യം.
നാലിനം ടിക്കറ്റുകൾ; 145-1260 ദിർഹം
145 ദിർഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 195 ദിർഹത്തിന്റെ ടിക്കറ്റിൽ ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കും. ലോഞ്ച് ആക്സസ്, മുൻഗണനാ ചെക്ക്-ഇൻ, പാനീയങ്ങൾ എന്നിവയുള്ള ടിക്കറ്റിന് 265 ദിർഹമാണ് നിരക്ക്. ഇൻ-ക്യാബിൻ മെനു, ലോഞ്ച് ആക്സസ്, ഭക്ഷണ, പാനീയങ്ങൾ, പ്രത്യേക വിഐപി പ്രവേശനം എന്നിവയുള്ള ഒരു സ്വകാര്യ പോഡിന് 1,260 ദിർഹമാണ് നിരക്ക്.
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പൊതു ക്യാബിനായിരിക്കും ലഭിക്കുക. 40 സീറ്റുള്ള വിശാലമായ ഒരു ഗ്ലാസ് പോഡിൽ ലഭ്യതയനുസരിച്ച് ഏതെങ്കിലുമൊരു സീറ്റിൽ ഇരിക്കാം.
സ്വകാര്യ ക്യാബിൻ ബുക്ക് ചെയ്തവർക്ക് മികച്ച കാഴ്ച ലഭിക്കുംവിധം ആഡംബര സീറ്റുകളുണ്ടാകും. ജീവനക്കാർക്ക് പാനീയങ്ങൾ ഉണ്ടാക്കാനും വിളമ്പാനും കഴിയുന്ന ഒരു സെന്റർ ബാറും ഇതിനകത്തുണ്ട്. എല്ലാ ക്യാബിനുകളും എയർകണ്ടീഷൻ ചെയ്തതാണ്. ചൊവ്വ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയാണ് പ്രവൃത്തി സമയം. വാരാന്ത്യങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയും.