അറേബ്യൻ ഗൾഫ് കപ്പ്: ഒമാന് ഇന്ന് നിർണായക ദിനം, മത്സരം യുഎഇയ്ക്കെതിരെ
Mail This Article
മസ്‌കത്ത് ∙ അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ഒമാന്‍ ഇന്ന് യു എ ഇയെ നേരിടും. കുവൈത്തിലെ ജാബിര്‍ അല്‍ മുബാറക്ക് അല്‍ ഹമദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30ന് ആണ് മത്സരം.
ഇന്നത്തെ മത്സരത്തില്‍ സമനില പിടിച്ചാല്‍ ഒമാന് സെമിയിൽ പ്രവേശിക്കാം. പരാജയപ്പെട്ടാൽ മറ്റു ടീമുകളുടെ മത്സര ഫലം ആശ്രയിച്ചായിരിക്കും ഒമാന്റെ സാധ്യതകള്‍. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഒമാന്‍.
ആദ്യ മത്സരത്തില്‍ ആതിഥേയരായ കുവൈത്തിനോട് പരാജയപ്പെട്ട ഒമാന്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെ മികച്ച വിജയത്തോടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2-1ന്റെ വിജയം സ്വന്തമാക്കിയ ചെമ്പടക്ക് ഇന്നത്തെ മത്സരത്തില്‍ ഇത് ഊര്‍ജം പകരും. മൂന്ന് ഗോളുമായി ടൂര്‍ണമെന്റിലെ തന്നെ ടോപ് സ്‌കോറര്‍ ആയ ഇസ്സാം അല്‍ സഹ്ബിയിലാണ് ഒമാന്റെ പ്രധാന പ്രതീക്ഷ.
ടൂര്‍ണമെന്റില്‍ മുന്നോട്ട് സഞ്ചരിക്കുന്നതിന് ഇന്നത്തെ മത്സരത്തില്‍ വലിയ പരിശ്രവും ശ്രദ്ധയും ആവശ്യമാണെന്ന് പരിശീലകന്‍ റശീദ് ജാബിര്‍ പറഞ്ഞു. റഫറിയിങ്ങിൽ ചില പിഴവുകള്‍ ഉണ്ട്. ഇത് ഗെയിമിന്റെ ഭാഗമാണ്. എന്നാല്‍, വരുന്ന മത്സരങ്ങളുടെ ഗതിയെ ബാധിക്കുന്ന പിഴവുകളോ തീരുമാനങ്ങളോ റഫറിയിങ്ങിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും റഷീദ് ജാബിര്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് ഇന്നത്തേതെന്നും മികച്ച ഫലം കൈവരിക്കാന്‍ കാത്തിരിക്കുകയാണെന്നും ഒമാന്‍ താരം അബ്ദുര്‍റഹ്മാന്‍ അല്‍ മുഷൈഫിരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.