ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി  നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.

2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.

കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതിയുണ്ട്. ഇതനുസരിച്ച് ഡിസംബർ 31നകം മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2025, 2026 വർഷങ്ങളിലെ 2% വീതം ചേർത്ത് മൊത്തം 10% ആക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കു പിഴ ചുമത്തുകയും കുറ‍ഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. 2 വർഷത്തിനിടെ 1400ലേറെ കമ്പനികൾക്ക് പിഴ ചുമത്തിയിരുന്നു. വ്യാജ റിക്രൂട്മെന്റ് നടത്തിയ 1200 കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചു.

നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. പിഴസംഖ്യ 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9000 ദിർഹമാക്കി വർധിപ്പിക്കും.

20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന സമയപരിധിയും ഡിസംബർ 31ന് അവസാനിക്കുകയാണ്. 2025ലും ഈ വിഭാഗം സ്ഥാപനങ്ങൾ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കിയത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹം പിഴ ഈടാക്കുമെന്നും ഓർമിപ്പിച്ചു.

നിവലിൽ 23,000 സ്വകാര്യ കമ്പനികളിലായി 1.24 ലക്ഷം സ്വദേശികൾ ജോലി ചെയ്തുവരുന്നു. അനുയോജ്യമായ സ്വദേശി ഉദ്യോഗാർഥികളെ നാഫിസ് പോർട്ടൽ വഴി തിരഞ്ഞെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണം പൂർത്തിയാക്കിയ കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബ്ബിൽ ഉൾപ്പെടുത്തും. സർക്കാർ സേവന ഫീസിൽ 80 ശതമാനം ഇളവ് ലഭിക്കുന്നതിനു പുറമേ ഇതര സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭിക്കും. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

English Summary:

UAE Ready to Take Tougher Measures for Emiratisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com