ADVERTISEMENT

ദുബായ് ∙ സമൂഹ മാധ്യമങ്ങളിൽ ആഡംബര ജീവിതം വെളിപ്പെടുത്തുന്ന പോസ്റ്റുകളുമായി നിറയുന്ന ദുബായിൽ താമസിക്കുന്ന വനിതയ്ക്ക് പണം നൽകിയിരുന്നത് പാപ്പരാക്കപ്പെട്ടതിനു ശേഷം യുകെയിൽ നിന്ന് പലായനം ചെയ്ത ഭർത്താവാണെന്ന് റിപ്പോർട്ട്. 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മലൈക രാജയാണ്  ഡെയ്‌ലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് വിവാദത്തിലായിരിക്കുന്നത്.

പിങ്ക് മെഴ്‌സിഡസ് ജി-വാഗൺ കാറിൽ സഞ്ചരിക്കുന്നതും വിലകൂടിയ സൗന്ദര്യ ചികിത്സകൾക്കായി പോകുന്നതിന്റെയും വിഡിയോകൾ പതിവായി മലൈക രാജ പോസ്റ്റ് ചെയ്യുന്നു. ഭർത്താവ് മുഹമ്മദ് മരിക്കാറിൽ നിന്ന് പ്രതിമാസം 25,000 പൗണ്ടിന്റെ താമസത്തിനും ഷോപ്പിങ്ങിനുമുള്ള പണം ലഭിക്കുന്നതായിട്ടാണ് മലൈക അവകാശപ്പെടുന്നത്. അടുത്തിടെ വാങ്ങിയ ദുബായിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ 20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബര ഭവനത്തിലാണ് ദമ്പതികൾ താമസിക്കുന്നത്.

24HR ട്രേഡിങ് അക്കാദമി കമ്പനി വഴി നിയമവിരുദ്ധമായി നിക്ഷേപ ഉപദേശം നൽകിയതിന് 2021 മാർച്ചിൽ ലണ്ടനിലെ ഹൈക്കോടതി പിഴ ചുമത്തിയ വ്യക്തിയാണ് മുഹമ്മദ് മരിക്കാർ. വാട്സ്ആപ്പ് വഴി ഓഹരികൾ, ചരക്കുകൾ, വിദേശ കറൻസികൾ എന്നിവ എപ്പോൾ വാങ്ങണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഇയാളുടെ കമ്പനി ഫീസ് വാങ്ങി ഉപദേശം നൽകി. ഇതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) അംഗീകാരമില്ലായിരുന്നു . ഇയാളുടെ ഉപദേശം കേട്ട് നിക്ഷേപം നടത്തിയവര്‍ക്കെല്ലാം പണം നഷ്ടമായി.

ഇതുകണ്ടെത്തിയതോടെ എഫ്‌സിഎ അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിച്ചു. 5,30,000 പൗണ്ട് പിഴ നല്‍കണമെന്നതായിരുന്നു ഹൈക്കോടതി മുഹമ്മദ് മരിക്കാറിന് വിധിച്ച ശിക്ഷ. ഇത് ഇയാൾ നൽകിയില്ല. എഫ്‌സിഎ ഇതേതുടർന്ന് 2022 ഓഗസ്റ്റിൽ മുഹമ്മദ് മരിക്കാറിനെ പാപ്പരായി പ്രഖ്യാപിച്ചു. എന്നാൽ 2022 സെപ്റ്റംബറോടെ ഔദ്യോഗിക റിസീവര്‍ക്ക് 1,06,000 പൗണ്ട് മാത്രമേ വീണ്ടെടുക്കാനായുള്ളൂ, അപ്പോഴേക്കും മരിക്കാർ യുകെ വിട്ട് ദുബായിലേക്ക് താമസം മാറിയിരുന്നു.

അദ്ദേഹത്തിന് ഇപ്പോഴും 1,43,000 ഫോളോവേഴ്‌സ് ഉണ്ടെന്നും സ്വയം ഒരു 'സംരംഭകൻ', 'വ്യാപാരി/ഉപദേശകൻ' എന്നിങ്ങനെ വിശേഷിപ്പിക്കുന്നുവെന്നും  ഇൻസ്റ്റഗ്രാം പ്രൊഫൈൽ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഇങ്ങനെ പറയുന്നു: 'വ്യാപാരത്തിലൂടെ എങ്ങനെ ലാഭമുണ്ടാക്കാമെന്ന് പഠിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, എന്റെ സൗജന്യ 1 മണിക്കൂർ ട്രേഡിങ് വെബിനാർ കാണുക.' വെബ്‌നാറിലേക്കുള്ള ഒരു ലിങ്ക് ഇതിനൊപ്പമുണ്ട്, അത് പ്രഖ്യാപിക്കുന്ന ഒരു പേജിലേക്ക് ഉപയോക്താക്കളെ കൊണ്ടുപോകുന്നു: 'ദിവസം 90 മിനിറ്റിൽ താഴെ ജോലി ചെയ്ത് 200-2,000 ഡോളർ/ദിവസം സമ്പാദിക്കാൻ കഴിയുമെന്ന് എനിക്ക് തെളിയിക്കാനാകും.'

തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ, മലൈക രാജ ഒരു 'ട്രേഡിങ് മെന്റർ & എജ്യുക്കേറ്റർ' എന്ന് സ്വയം വിശേഷിപ്പിക്കുകയും 25 മിനിറ്റ് സൗജന്യ വെബിനാറിനായി റജിസ്റ്റർ ചെയ്യാൻ  ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഭർത്താവിന്റെ സഹായത്താൽ നയിക്കുന്ന ആഡംബര ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്യുന്നു. യുകെയിൽ പാപ്പരായി പ്രഖ്യാപിച്ചെങ്കിലും, അടുത്തിടെ നടത്തിയ ഒരു ലണ്ടൻ സന്ദർശനത്തിനിടെ ഇവർ ആഡംബര വസ്തുക്കൾ വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്.

English Summary:

Dubai housewife Malaikah Raja's £25,000 monthly allowance comes from her husband, a convicted conman who fled the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com