സൗദിയിൽ 23,194 അനധികൃത താമസക്കാർ അറസ്റ്റിൽ
Mail This Article
റിയാദ്∙ കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ കാലയളവിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത ഫീൽഡ് സെക്യൂരിറ്റി പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരിൽ 13083 പേർ റസിഡൻസി നിയമം ലംഘിച്ചവരും 6210 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3901 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരിൽ 41% യെമൻ പൗരന്മാരും 57% എത്യോപ്യൻ പൗരന്മാരും 2% മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവർ ശിക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾക്ക് വിധേയരാകുന്നു. രാജ്യത്തിലേക്കുള്ള വ്യക്തികളുടെ നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.