ഗൾഫ് കപ്പ്: ബഹ്‌റൈൻ ആരാധകർക്കായി കുവൈത്തിലേക്ക് സൗജന്യ ബസുകൾ
Mail This Article
മനാമ∙ ചൊവ്വാഴ്ചത്തെ ഗൾഫ് കപ്പ് സെമിഫൈനൽ മത്സരത്തിനായി ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന്‍റെ ആരാധകർക്ക് കുവൈത്തിലേക്ക് സൗജന്യ ബസുകൾ ലഭ്യമാക്കുമെന്ന് നോർത്തേൺ ഗവർണറേറ്റ് അധികൃതർ അറിയിച്ചു. സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന്‍റെയും മൂന്ന് എംപിമാരുടെയും നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണിത്.
26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്‍റെ സെമിഫൈനലിൽ ബഹ്‌റൈൻ കുവൈത്തിനെ നേരിടുമ്പോൾ ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പിന്തുണയ്ക്കുന്നവരെ സഹായിക്കാൻ ഹനാൻ ഫർദാൻ, ഹസൻ ഇബ്രാഹിം, മമദൗ അൽ സാലിഹ് എന്നിവർക്കൊപ്പം സ്പീക്കർ അൽ മുസല്ലം പദ്ധതി പ്രഖ്യാപിച്ചത്.
പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് അനുസൃതമായി ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അൽ ഹിദ്ദിലെ താമസക്കാർക്കായി രണ്ട് ബസുകൾ ഉറപ്പാക്കിയിട്ടുള്ളതായും അധികൃതർ പറഞ്ഞു. അതേസമയം, ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബിഎഫ്എ) ബിസിനസുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഗതാഗതം വിപുലീകരിക്കാനും ഒരുങ്ങുകയാണ്. കായികമേഖലയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനുമുള്ള താരങ്ങളുടെ ട്രാക്ക് റെക്കോർഡിനെ പ്രശംസിച്ചുകൊണ്ട് അവരുടെ എല്ലാ ചെലവുകളും വഹിക്കാൻ കമ്പനികളോട് ബിഎഫ്എ ആവശ്യപ്പെട്ടു.
31ന് നടക്കുന്ന സെമിയിൽ ബഹ്‌റൈൻ ഗ്രൂപ്പ് എയിലെ റണ്ണറപ്പായ കുവൈത്തിനെ നേരിടും.