റാസൽഖൈമയിൽ വിമാനം കടലിൽ തകർന്നുവീണു; ഇന്ത്യൻ യുവ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും മരിച്ചു
Mail This Article
റാസൽഖൈമ ∙ 2 പേർക്ക് ഇരിക്കാവുന്ന ചെറുവിമാനം റാസൽഖൈമ കടലിൽ തകർന്നുവീണ് യുവ ഇന്ത്യൻ ഡോക്ടറും പൈലറ്റും മരിച്ചു. ഡോ. സുലൈമാൻ അൽ മാജിദ് (26), പാക്കിസ്ഥാനി വനിതാ പൈലറ്റുമാണ് മരിച്ചതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.
റാസൽഖൈമയുടെ ആകാശക്കാഴ്ചകാണാൻ ജസീറ ഏവിയേഷൻ ക്ലബിൽനിന്നുള്ള ഗ്ലൈഡർ വാടകയ്ക്ക് എടുത്തതായിരുന്നു. കോവ് റൊട്ടാന ഹോട്ടലിനു സമീപം ഉച്ചയ്ക്ക് 2ന് ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. പിതാവ് മാജിദ് മുഖറം, ഭാര്യ, ഇളയമകൻ എന്നിവരും ഏവിയേഷൻ ക്ലബിൽ എത്തിയിരുന്നു. അടുത്ത വിമാനത്തിൽ സഹോദരനും യാത്ര ചെയ്യാനിരിക്കെയാണ് അപകടം.
റഡാറുമായി ബന്ധം നഷ്ടപ്പെട്ട ശേഷം വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായും ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയതായും കമ്പനി കുടുംബത്തെ അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോ.സുലൈമാൻ മരിച്ചിരുന്നു.
റാസൽഖൈമയിൽ ജനിച്ചുവളർന്ന സുലൈമാൻ ദുബായ് സ്കോളേഴ്സ് സ്കൂളിൽനിന്നാണ് ബിരുദം നേടിയത്. യുകെയിലെ കൗണ്ടി ഡർഹാം ആൻഡ് ഡാർലിങ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ക്ലിനിക്കൽ ഫെലോ ആയിരുന്നു. ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷന്റെ നോർത്തേൺ റസിഡന്റ് ഡോക്ടേഴ്സ് കമ്മിറ്റിയുടെ ഓണററി സെക്രട്ടറിയായിരുന്നു. പിന്നീട് കോ-ചെയർമാനായി. യുഎഇയിൽ 2 മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ചെറുവിമാനാപകടമാണിത്.