കുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍; ലംഘനങ്ങൾക്ക് കനത്ത പിഴ
Mail This Article
കുവൈത്ത് സിറ്റി ∙ ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക 2000 വരെ ഉയര്‍ത്തിയിട്ടുണ്ട്.
∙ നവജാതശിശുക്കളുടെ റജിസ്‌ട്രേഷന്‍
നവജാതശിശുക്കളെ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാല്‍, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാര്‍ വച്ച് പിഴ നല്‍കണം. തുടര്‍ന്നുള്ള മാസങ്ങളില്‍ 4 ദിനാറാണ് പിഴ തുക. പരമാവധി പിഴ 2,000 ദിനാറാണ്.
∙ തൊഴില്‍ വീസ
തൊഴില്‍ വീസ ലംഘനങ്ങള്‍ക്കും ആദ്യമാസം ദിനംപ്രതി 2 ദിനാര്‍ വച്ചും പിന്നീട് 4 ദിനാറുമാണ് നല്‍കേണ്ടത്. പരമാവധി തുക 1200 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
∙ സന്ദര്‍ശക വീസകള്‍
കുടുംബ, കമ്പിനി തുടങ്ങിയ സന്ദര്‍ശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 10 ദിനാറാണ് പിഴ. ഇത് പരമാവധി 2,000 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
∙ ഗാര്‍ഹിക തൊഴിലാളികള്‍
താല്‍ക്കാലിക റെസിഡന്‍സിയ്‌ക്കോ, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന ഉത്തരവ്പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങള്‍ക്ക് പ്രതിദിനം 2 ദിനാര്‍ വരെ പിഴ ഈടാക്കും. ഇവിടെ പരമാവധി പിഴ-600 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.
∙ റെസിഡന്‍സി റദ്ദാക്കലുകള്‍
ആര്‍ട്ടിക്കിള്‍ 17, 18, 20 വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ റെസിഡന്‍സി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാര്‍; അതിനുശേഷം 4 ദിനാര്‍ വച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പിഴ 1,200 ദിനാര്‍. പിഴ തുക ഉയർത്തുന്നത് വഴി റെസിഡന്‍സി ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും, ലംഘനങ്ങള്‍ പരിഹരിക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം.