പുതുവർഷാഘോഷം; അബുദാബിയിൽ നാളെ പാർക്കിങ്ങും ടോളും ഫ്രീ
Mail This Article
അബുദാബി ∙ പുതുവർഷം പ്രമാണിച്ച് അബുദാബിയിൽ നാളെ പുലർച്ചെ മുതൽ അർധരാത്രി വരെ പാർക്കിങ്ങും ടോളും സൗജന്യമാക്കി. മുസഫ വ്യവസായ മേഖല എം18ലെ പാർക്കിങ്ങിലും പണം ഈടാക്കില്ല. അതേസമയം, പാർക്കിങ് നിരോധിത സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾക്കു മാർഗതടസ്സമുണ്ടാക്കും വിധത്തിൽ വാഹനം നിർത്തരുതെന്നു നിർദേശമുണ്ട്. പ്രദേശത്തെ താമസക്കാർക്കു സംവരണം ചെയ്തിട്ടുള്ള റസിഡൻസ് പാർക്കിങ്ങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ നിർത്തിയിടരുതെന്നും സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.
സാധാരണ ദിവസങ്ങളിൽ ദർബ് ടോൾ ഗേറ്റിൽ തിരക്കുള്ള സമയത്ത് (രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും) മാത്രമേ 4 ദിർഹം ഈടാക്കൂ. മറ്റു സമയങ്ങളിലും വാരാന്ത്യ, പൊതു അവധി ദിവസങ്ങളിലും ടോൾ സൗജന്യമാണ്. ദിവസത്തിൽ എത്ര തവണ ടോൾ ഗേറ്റ് കടന്നാലും 16 ദിർഹത്തിൽ കൂടുതൽ ഈടാക്കുകയുമില്ല.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് അവധിയായിരിക്കുമെങ്കിലും https://admobility.gov.ae/ വെബ്സൈറ്റിലും Darbi സ്മാർട്ട് ആപ്പുകളിലും 24 മണിക്കൂറും സേവനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് 800 850 (ബസ്), 600 535353 (ടാക്സി) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.