ബുർജ് ഖലീഫയിലേക്കുള്ള റോഡുകളിൽ വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം
Mail This Article
ദുബായ് ∙ പുതുവർഷം പ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ദുബായ് ബുർജ് ഖലീഫയിലേക്കുള്ള റോഡുകളിൽ ഇന്ന് വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
വൈകിട്ട് 4ന് അടയ്ക്കുന്നവ
അൽഅസ്സൈൽ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ്, ബുർജ് ഖലീഫ സ്ട്രീറ്റ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് (ലോവർ ഡെക്ക്), അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്, ട്രേഡ് സെന്റർ സ്ട്രീറ്റ്.
രാത്രി 8-11 വരെ അടയ്ക്കുന്നവ
അൽ സുകൂക് സ്ട്രീറ്റ് രാത്രി 8നും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് (അപ്പർ ഡെക്ക്) രാത്രി 9നും ഷെയ്ഖ് സായിദ് റോഡ് (മെയ്ദാൻ റോഡിനും ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും ഇടയ്ക്ക്) രാത്രി 11ന് അടയ്ക്കും. ജുമൈറ, അൽസഫ, ബിസിനസ് ബേ ഏരിയകളിലെ ദുബായ് വാട്ടർ കനാൽ ലിഫ്റ്റ്, നടപ്പാലം എന്നിവ അടയ്ക്കും.
മെട്രോ സ്റ്റേഷനും പൂട്ടിയേക്കും
ബുർജ് ഖലീഫ മെട്രോ സ്റ്റേഷന്റെ ശേഷിയെക്കാൾ കൂടുതൽ യാത്രക്കാർ എത്തിയാൽ വൈകിട്ട് 5ന് അടയ്ക്കും. അങ്ങനെ വന്നാൽ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകളായ വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്സ് ടവർ, ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ സ്റ്റേഷനുകളിൽനിന്ന് ബുർജ് ഖലീഫയിലേക്ക് യാത്ര ചെയ്യേണ്ടി വരും.
മെട്രോ പാർക്കിങ്
ദൂരെ നിന്നെത്തുന്നവർ ഇത്തിസാലാത്ത്, സെന്റർ പോയിന്റ്, ജബൽഅലി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ് എന്നീ മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പാർക്കിങ്ങിൽ വാഹനം നിർത്തിയിട്ട് മെട്രോയിൽ യാത്ര തുടരുന്നത് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കും.
നോൽ കാർഡ് ബാലൻസ്
യാത്രയ്ക്കു മുൻപ് നോൽ കാർഡിൽ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കുക. സിൽവർ കാർഡിൽ കുറഞ്ഞത് 15 ദിർഹവും ഗോൾഡ് കാർഡിൽ 30 ദിർഹവും ഉണ്ടായിരിക്കണം.
പാർക്കിങ് നിരോധനം
ഷെയ്ഖ് സായിദ് റോഡിന്റെയും അൽഖൈൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വെടിക്കെട്ടിനുശേഷം ബുർജ് ഖലീഫയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസുണ്ടാകും. മെട്രോ സ്റ്റേഷൻ, ടാക്സി സ്റ്റേഷൻ, ബദർ പാർക്കിങ് ഏരിയ എന്നിവിടങ്ങളിലേക്കും സൗജന്യ ബസ് സർവീസുണ്ടാകും.
ടാക്സി കിട്ടുന്നത്
വെടിക്കെട്ടിനുശേഷം ടാക്സിയിൽ പോകുന്നവർക്ക്, ആർടിഎ ബസിൽ ടാക്സി കിട്ടുന്ന സ്ഥലങ്ങളായ ജിഡിആർഎഫ്എ പാർക്കിങ്, അൽവാസൽ ക്ലബ് പാർക്കിങ്, അൽകിഫാഫ് എന്നിവിടങ്ങളിലേക്ക് എത്താം.
മെട്രോ, ട്രാം സർവീസ് നോൺ സ്റ്റോപ്
ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ഇന്നു പുലർച്ചെ 5 മുതൽ ജനുവരി 2ന് പുലർച്ചെ 12 വരെ സർവീസുണ്ടാകും. ട്രാം ഇന്നു രാവിലെ 6ന് ആരംഭിച്ച് ജനുവരി 2ന് പുലർച്ചെ ഒന്നുവരെ ഓടും. ആർടിഎ ബസിൽ സൗജന്യസർവീസ് ലഭിക്കും. നേരത്തേ എത്തുന്നവർക്കായി ഇമാർ സ്ട്രീറ്റിലെ ദുബായ് മാൾ, സാബീൽ, ഫൗണ്ടെയ്ൻ വ്യൂ എക്സ്പാൻഷൻ, ബൊലെവാർഡ് ലോവർ പാർക്കിങ് എന്നിവിടങ്ങളിലായി 20,000 പാർക്കിങ് സ്പോട്ടുകളുമുണ്ട്.