ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; വരുന്നു ഷെംഗന്‍ വീസ മാതൃകയില്‍ 'ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ'
Mail This Article
ദുബായ് ∙ ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രം, ആതിഥ്യമര്യാദ എന്നിവയാല്‍ സമ്പന്നവുമാണ് ഈ രാജ്യങ്ങള്‍.
എന്നാല്‍ ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അതത് രാജ്യങ്ങളിലെ വീസയെടുക്കണം. ഇതിന് പരിഹാരമായാണ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരൊറ്റ വീസയെന്ന ആശയം വരുന്നത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഷെംഗന്‍ വീസ മാതൃകയില്‍ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസ, ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസയെന്നത് 2025ല്‍ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് കോർപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ഉള്‍പ്പടുന്ന ആറ് രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കുകയെന്നുളളതാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ എന്ന ആശയം ലക്ഷ്യമിടുന്നത്. ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ, ജിസിസിയിലെ പൗരന്മാരെപ്പോലെ മറ്റുളളവർക്കും ഓരോ രാജ്യങ്ങളിലെ പ്രത്യേക വീസയെടുക്കാതെ ജിസിസി രാജ്യങ്ങളില്‍ സുഗമമായ യാത്ര ഒരുക്കും. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ പുരോഗതിയ്ക്കും വിനോദസഞ്ചാരമേഖലയുടെ ഉയർച്ചയ്ക്കും നീക്കം ഫലപ്രദമാകും.
2023 ല്‍ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഒമാനിലെ മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്നതും തീരുമാനമുണ്ടായതും. പിന്നീട് 2024 ല്‍ യുഎഇയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാർക്കറ്റില്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഗ്രാന്‍ഡ് ടൂർസ് വീസ സംരംഭം പ്രഖ്യാപിച്ചു. ഓരോ രാജ്യത്തേയും നിയമങ്ങള്‍ പാലിക്കുന്ന ഗള്‍ഫ് ഗ്രാന്‍ഡ് ടൂർ വീസ ഈ രാജ്യങ്ങളിലെ സാമ്പത്തിക ഏകീകരണവും ലക്ഷ്യമിടുന്നു.
ഓരോ രാജ്യം സന്ദർശിക്കാനും ഓരോ വീസ, നടപടിക്രമങ്ങള്‍ എന്നത് മാറുന്നതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഈ രാജ്യങ്ങളിലേക്ക് വരാന്‍ താല്‍പ്പെടുമെന്നതാണ് പ്രധാനനേട്ടം. ഇത് ജിസിസി രാജ്യങ്ങളുടെ വിപണന സംരംഭങ്ങളെ സുഗമമാക്കും. വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംയുക്തമായി നടപടികള്‍ സ്വീകരിക്കാനാകുമെന്നതും നേട്ടമാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും ലോകത്തെ മികച്ച യാത്ര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് ജിസിസി രാജ്യങ്ങളെ എത്തിക്കാനും സാധിക്കും. ഭാവിയില്‍ ഈ പങ്കാളിത്തം വിദ്യാഭ്യാസ വ്യാപാര മേഖലകളിലേക്കുമെത്തിക്കാനുമാകും.
30 ദിവസത്തിലേറെ ജിസിസി രാജ്യങ്ങളില്‍ താമസിക്കാനും വിവിധ സ്ഥലങ്ങള്‍ കാണാനുമുളള സൗകര്യമാണ് വീസ ലക്ഷ്യമിടുന്നത്. 2030 ഓടെ 13 കോടിയോളം വിനോദസഞ്ചാരികളെ ജിസിസിയിലെത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. ഓരോ രാജ്യവും സന്ദർശിച്ച് അടുത്ത രാജ്യത്തേക്ക് പോകാം. ഇതിനായി പ്രത്യേകം പ്രത്യേകം നടപടിക്രമങ്ങള്‍ വേണ്ടയെന്നുളളതാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസയുടെ നേട്ടം. ഗ്രാന്‍ഡ് ടൂർസ് വീസ മുന്നില്‍ കണ്ട് വിവിധ ടൂർ പാക്കേജുകള്‍ ട്രാവല്‍ ടൂറിസം രംഗത്തൊരുങ്ങുകയാണ്.
യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ മൂന്ന് രാജ്യങ്ങള്‍ സന്ദർശിക്കാന്‍ ഏകദേശം 4,000 മുതൽ 5,000 ദിർഹം വരെ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഏതൊക്കെ രാജ്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നത് യാത്രാക്കാർക്ക് തീരുമാനിക്കാം യാത്ര ചെയ്യുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പഠനം നടത്തിയാണ് പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് 2024 ല്‍ അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിലെത്തിയ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വീസയുടെ നടപടിക്രമങ്ങളെന്താണെന്നോ ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്നതോ സംബന്ധിച്ച് തീരുമാനമായിട്ടില്ല. എങ്കിലും ഓണ്‍ലൈനിലൂടെ വീസയ്ക്ക് അപേക്ഷിക്കുന്ന രീതിയിലായിരിക്കും നടപടിക്രമങ്ങളെന്നാണ് വിലയിരുത്തല്‍. ഒപ്പം അടിസ്ഥാന രേഖകളായി, ആറ് മാസം കാലാവധിയുളള പാസ്പോർട്ട്, സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന രേഖകള്‍, ജിസിസി രാജ്യങ്ങളിലെ താമസ യാത്ര രേഖകള്‍ തുടങ്ങി അടിസ്ഥാന രേഖകളെല്ലാം ആവശ്യമാണ്.
ജിസിസി രാജ്യങ്ങളുടെ പ്രധാനവരുമാന സ്രോതസ്സ് എണ്ണയാണ്. ലോകം പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുമ്പോള്‍ എണ്ണ വരുമാനത്തില്‍ കുറവുണ്ടായേക്കും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് വിനോദസഞ്ചാരമേഖലയിലേക്ക് ജിസിസി രാജ്യങ്ങള്‍ മാറുന്നത്. ഷെംഗന്‍ മാതൃകയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ ജിസിസി രാജ്യങ്ങളുടെ വിനോദസഞ്ചാരമേഖലയില്‍ നിർണായകമാകുമെന്നാണ് പ്രതീക്ഷ.