ADVERTISEMENT

അബുദാബി ∙ 53–ാമത് ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇ ഇത്തവണ 53 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ഒരുക്കി പുതുവർഷത്തെ വരവേൽക്കും. 

വിവിധ ഇടങ്ങളിൽ വെടിക്കെട്ടുകൾ
ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ള യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ടിനു സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർ അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ എത്തണം. 

53 മിനിറ്റ് കരിമരുന്ന് പ്രകടനത്തിനൊപ്പം ആറായിരം ഡ്രോണുകളും ആകാശത്ത് വട്ടമിട്ടുപറന്ന് 2025നെ വരവേൽക്കും. യുഎഇയുടെ ചരിത്രവും നേട്ടവുമെല്ലാം ഡ്രോൺ ഷോയിലൂടെ ആകാശത്ത് വരച്ചിടും. ഇത്തവണ വൈകിട്ട് 6 മുതൽ ഓരോ മണിക്കൂർ ഇടവേളകളിൽ നടത്തുന്ന വെടിക്കെട്ട് അർധരാത്രി 12 ആകുന്നതോടെ ഇടതടവില്ലാതെ 53 മിനിറ്റ് അഗ്നിപുഷ്പങ്ങൾ വിരിയിച്ച് പുതുവർഷത്തെ വരവേൽക്കും. ഒരു ലക്ഷം ബലൂണുകളും ആകാശത്തേക്കു പറത്തിവിടും. 12 മണിക്കൂർ ഇടതടവില്ലാത്ത കലാവിരുന്ന്. 50 ദിർഹത്തിന്റെ ടിക്കറ്റ് എടുക്കുന്നവർക്കാണ് പ്രവേശനം. അതേസമയം, വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ഇവിടേക്ക് നേരത്തേ എത്തിയാലേ അകത്തേക്കു കടക്കാനാകൂ. വൈകിയാൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് റോഡിൽ കഴിയേണ്ടിവരും. അബുദാബി കോർണിഷ്, ഹുദൈരിയാത്ത്, യാസ് ഐലൻഡ്, മദീന സായിദ് പബ്ലിക് പാർക്ക്, മിർഫയിലെ മുഗീറ ബേ വാട്ടർഫ്രണ്ട്, അൽദഫ്രയിലെ ഗയാത്തി എന്നിവിടങ്ങളിലും വെടിക്കെട്ട് കാണാം.

കിലോമീറ്ററുകളോളം നീളത്തിലുള്ള വെടിക്കെട്ട് കാണാൻ ആഗ്രഹമുള്ളവർക്ക് റാസൽഖൈമയിലേക്കു വച്ചുപിടിക്കാം. അൽമർജാൻ ഐലൻഡിൽ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമുണ്ട്. ‘നമ്മുടെ കഥ ആകാശത്ത്’ എന്ന പ്രമേയത്തിൽ ഇന്നു വൈകിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ പുലരുവോളം തുടരും. പ്രവേശനം സൗജന്യമാണെങ്കിലും അൽമർജാൻ ഐലൻഡിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പക്ഷേ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഇന്നു ഉച്ചയ്ക്ക് 2നു മുൻപ് റാസൽഖൈമയിൽ എത്തണമെന്നതാണ് പ്രധാന വെല്ലുവിളി. എമിറേറ്റ്സ് റൗണ്ട് എബൗട്ട്, യൂണിയൻ ബ്രിജ്, അൽഹംറ റൗണ്ട് എബൗട്ട്, കോവ് റൊട്ടാന ബ്രിജ് എന്നിവയാണ് 2ന് അടയ്ക്കുക.

ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ 9 മിനിറ്റ് നീളുന്ന വെടിക്കെട്ടായിരിക്കും പുതുവർഷത്തിൽ വിസ്മയം തീർക്കുക. എന്നാൽ ഈ അവിസ്മരണീയ അനുഭവം തൊട്ടടുത്തുനിന്ന് ആസ്വദിക്കണമെങ്കിൽ നേരത്തോ തന്നെ ഡൗൺടൗണിൽ എത്തണം. തിരക്ക് കണക്കിലെടുത്ത് 4 മുതൽ പ്രദേശത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുകയാണെങ്കിൽ ദുബായ് മെട്രോയെ ആശ്രയിക്കുന്നതാവും ഭേദം. മെട്രോയിൽ ഇടം കിട്ടിയാൽ സ്റ്റോപ്പിലിറങ്ങി നടന്നെങ്കിലും പരിസരങ്ങളിൽ എത്താം. ഇവിടെ എത്താൻ സാധിക്കാത്തവരെ നിരാശപ്പെടുത്താതെ ദുബായിൽ ബർദുബായ് അൽസീഫ് സ്ട്രീറ്റ്, ദ് പാമിലെ അറ്റ്ലാന്റിസ്, ജുമൈറ ബിച്ച് റസിഡൻസ്, ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, ഹത്ത എന്നിങ്ങനെ എമിറേറ്റിന്റെ 36 ഇടങ്ങളിലും വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ സിറ്റിയിലും ഗ്ലോബൽ വില്ലേജിലും സംഗീത സദസ്സും അരങ്ങേറും.

English Summary:

UAE will welcome the New Year with a 53-minute fireworks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com