ADVERTISEMENT

കൊച്ചി ∙ യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചു. തലാൽ അബ്ദുമഹ്ദിയെന്ന യുവാവു കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. വധശിക്ഷ പ്രസിഡന്റ് ശരിവച്ച വിവരം യെമനിൽ നിമിഷപ്രിയയ്ക്കുള്ള നിയമസഹായവും മോചനശ്രമങ്ങളും ഏകോപിപ്പിക്കുന്ന സാമുവേൽ ജെറോമാണു സ്ഥിരീകരിച്ചത്.

മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലിൽചെന്നു കാണാൻ സാധിച്ചു. തലാലിന്റെ കുടുംബത്തിനു ദയാധനം (ബ്ലഡ് മണി) നൽകി നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമം ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നായിരുന്നു ആവശ്യം. ഇതിനായി 19,871 ഡോളർ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി.

2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.

പ്രേമകുമാരി, നിമിഷപ്രിയ, മിഷേൽ, ടോം. File Photos: Manorama
പ്രേമകുമാരി, നിമിഷപ്രിയ, മിഷേൽ, ടോം. File Photos: Manorama

∙ മോചനശ്രമം ഇനിയും സാധ്യം
നിമിഷപ്രിയയുടെ മോചനശ്രമം ഇനിയും തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടാകേണ്ടതു തലാലിന്റെ കുടുംബത്തിൽനിന്നാണെന്നും സാമുവൽ ജെറോം പറഞ്ഞു. അതേസമയം, ശിക്ഷ ശരിവച്ചതിനെക്കുറിച്ച് അറിവില്ലെന്നു നിമിഷയുടെ ഭർത്താവും തൊടുപുഴ സ്വദേശിയുമായ ടോമി തോമസ് പറഞ്ഞു. മകളോടൊപ്പം നാട്ടിൽ കഴിയുകയാണു ടോമി. സനായിൽനിന്നു പ്രേമകുമാരിയും ജയിലിൽനിന്നു നിമിഷയും ഫോണിൽ സംസാരിക്കാറുണ്ട്. വധശിക്ഷ സംബന്ധിച്ച് അവർ ഒന്നും അറിയിച്ചിട്ടില്ലെന്ന് ടോമി പറഞ്ഞു.

nimisha-priya

 ∙ 'രണ്ടാംഘട്ട തുക സമയത്തു നൽകിയിരുന്നെങ്കിൽ നിമിഷ മോചിതയാകുമായിരുന്നു’ 
കൊച്ചി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം ‘മലയാള മനോരമ’യോടു പ്രതികരിച്ചു. ആദ്യഘട്ടത്തിൽ തലാൽ അഹ്മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചർച്ച നടത്താനായിരുന്നു.

2021മുതൽ ആക്‌ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാൽ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാൾ ഉൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നു സാമുവൽ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു. ആദ്യഘട്ടമായി നൽകേണ്ട 20,000 ഡോളറിൽ 19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി. എന്നാൽ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതോടെ ശ്രമങ്ങൾ നിശ്ചലമായി.

നിമിഷ പ്രിയ (ഫയൽ ചിത്രം: മനോരമ)
നിമിഷ പ്രിയ (ഫയൽ ചിത്രം: മനോരമ)

2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്സായി യെമനിൽ ജോലിക്കെത്തിയത്. 2012ൽ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകൾ മിഷേൽ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകൾക്കായി 2014ൽ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തുകൂടിയായിരുന്ന തലാൽ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്പോൺസറാക്കി യെമനിൽ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭർത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനിൽ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.

2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തര യുദ്ധ കാലഘട്ടത്തിൽ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ പറയുന്നു. ക്ലിനിക്കിലെ യെമൻ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേർന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com