ADVERTISEMENT

ദോഹ∙ അവധി കഴിഞ്ഞ് ഖത്തറിലേയ്ക്ക് തിരികെ എത്തുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. അറൈവൽ ടെർമിനലിലെത്തി ബാഗേജുകൾ ശേഖരിക്കുന്നതു മുതൽ വീട്ടിലേക്ക് പോകാൻ ടാക്സി എടുക്കുന്നതു വരെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്. യാത്രക്കാർക്ക് വിമാനത്താവളം നൽകുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്. 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
∙ യാത്രക്കാരുടെ ബാഗേജുകൾ ഏതു ബെൽറ്റിലാണ് എത്തുന്നതെന്ന് അറിയാൻ ക്യൂആർ കോഡുകൾ ഉപയോഗിക്കാം. ഫ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം കൂടാതെയാണിത്. 

∙വീൽചെയറുകൾ, ചൈൽഡ് സീറ്റുകൾ എന്നിവ പൊതിഞ്ഞുകൊണ്ടുവന്നിട്ടുള്ളതു  പോലെ  വലുപ്പമുള്ള ബാഗേജുകൾ പ്രത്യേകമായി എ, ബി ബെൽറ്റുകളിലാണ് എത്തുക.

∙ ബെൽറ്റിൽ നിന്നെടുക്കുന്ന ബാഗേജുകൾ സ്വന്തം പേരിലുള്ളതു തന്നെയാണോയെന്ന് ബാഗ് ടാഗുകൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ബാഗേജ് ക്ലെയിം ഏരിയയിൽ നിന്ന് പുറത്തു പോകാവൂ. 

∙ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേയ്ക്ക് പോകാൻ ടാക്സി, ബസ് സേവനങ്ങളുണ്ട് .അറൈവൽ ഹാളിന്റെ സമീപത്താണിവ. കർവ ടാക്സി ഉൾപ്പെടെ 20 കാർ റെന്റൽ സേവനങ്ങൾ ഇവിടെയുണ്ട്. കൂടാതെ മെട്രോ സേവനവും ലഭിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ  5മണി മുതൽ പുലർച്ചെ  1 മണി വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 1 മണിവരെയുമാണ് മെട്രോ സർവീസ്. 

∙യാത്രക്കാരെ സ്വീകരിക്കാനും ഇറക്കാനും വരുന്നവർ ടെർമിനലുകളുടെ മുൻവശത്ത് അശ്രദ്ധമായി വാഹനങ്ങൾ ഇടരുത്. സുരക്ഷാ പ്രശ്നങ്ങൾക്കും ഗതാഗത കുരുക്കിനും ഇടയാക്കും. ഡ്രോപ്–ഓഫ് സമയം നീണ്ടാൽ ഹ്രസ്വകാല പാർക്കിങ് സൗകര്യം പ്രയോജനപ്പെടുത്തണം.

∙രാജ്യത്തിന് പുറത്തേക്ക് പോകുന്നവർക്ക്  ദീർഘകാല പാർക്കിങ്ങിൽ പ്രത്യേക നിരക്കിൽ വാഹനങ്ങൾ സൂക്ഷിക്കാം. മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. 

∙യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാൻ ടെർമിനലുകളിൽ വിമാനത്താവളത്തിന്റെ കസ്റ്റമർ സർവീസ് ടീം പ്രവർത്തനസജ്ജമാണ്. വിമാനത്താവളത്തിലെ ചെക്ക് ഇൻ മുതൽ വിമാനത്തിൽ കയറുന്നതു വരെയുള്ള കാര്യങ്ങളും  ടെർമിനലുകൾക്കുള്ളിലൂടെ സഞ്ചരിക്കേണ്ട റൂട്ടുകളും ഉൾപ്പെടെ സകല വിവരങ്ങൾക്കും HIAQatar എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാനും മറക്കേണ്ട. 

English Summary:

Hamad International Airport Issed Safety Advisory For Passengers Coming From Outside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com