യുഎഇയിലെ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം തിരിച്ചടിയോ പ്രതീക്ഷയോ?; പ്രതികരണവുമായി പ്രവാസികൾ
Mail This Article
ദുബായ് ∙ 2024 യുഎഇയുടെ ഏറ്റവും വിജയകരമായ വർഷം, 2025 ലെ ആദ്യമന്ത്രിസഭായോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ച വാക്കുകളാണിത്. കഴിഞ്ഞവർഷം രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കൂടി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട് ഷെയ്ഖ് മുഹമ്മദ്. ഓരോ വർഷം കഴിയും തോറും ഈ നാട്ടിലേക്കെത്തുന്നവരുടെ എണ്ണം ഉയരുന്നതല്ലാതെ കുറയുന്നില്ലെന്നുളളതാണ് ഏറ്റവും വലിയ നേട്ടം. വിദേശികളെയും സ്വദേശികളെയും ഒരുമിച്ച് ചേർത്ത് യുഎഇ എന്ന രാജ്യം എഴുതിചേർക്കുന്നത് നേട്ടങ്ങളുടെ പുതിയ കണക്കുകളാണ്.
∙ സ്വദേശിവല്‍ക്കരണം
യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമ്പോള്‍ ജോലി തേടി ഇവിടെ എത്തുന്ന വിദേശികള്‍ക്കുളള സാധ്യതകള്‍ കുറയുമോ എന്നുളളതായിരുന്നു വലിയ ചോദ്യം. വിദേശികള്‍ക്ക് യുഎഇയിലെ ജോലി സാധ്യതകള്‍ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് അമിറ്റിയില്‍ ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന വിജയ് കൊച്ചുമണ്ണാറശാല പറയുന്നു. കഴിഞ്ഞവർഷം ഇവിടെ ജോലി തേടിയെത്തിയ സുഹൃത്തുക്കളെല്ലാം ജോലിയില്‍ പ്രവേശിച്ചു. മലയാളികളെ സംബന്ധിച്ചിടത്തോളം മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് യുഎഇ. സുഹൃത്തുക്കളോ ബന്ധുക്കളോ ഇവിടെയുളളവർക്ക് ഏറ്റവും എളുപ്പത്തില്‍ വരാന്‍ സാധിക്കുന്ന രാജ്യം.
ഒറ്റയ്ക്ക് വന്ന് ജോലി കണ്ടെത്തുകയെന്നുളളതും അത്ര പ്രയാസമുളള കാര്യമല്ല. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയെന്നുളള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമ്പോഴും ഇവിടെയെത്തുന്ന വിദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുനല്‍കുന്നു. അതുതന്നെയാണ് ഇവിടേക്ക് ആളുകള്‍ കൂടുതലായി എത്തുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണവുമെന്ന് വിജയ് കൂട്ടിച്ചേർത്തു.
സ്വദേശിവല്‍ക്കരണം ആരംഭിച്ചതിന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. 2023 നെ അപേക്ഷിച്ച് 350 ശതമാനമാണ് വർധനവ്. സ്വന്തം ജനതയെ ചേർത്ത് പിടിച്ച്, സ്വദേശിവല്‍ക്കരണ നിയമലംഘകർക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിച്ചതും നാഫിസ് പദ്ധതിയും ഗുണകരമായി. 2024 യുഎഇയെ സംബന്ധിച്ച് നിർണായകമായ വർഷമാണ്. രാജ്യം കൈവരിച്ച നിരവധി നേട്ടങ്ങളില്‍ ഒന്ന് മാത്രമാണിതെന്നാണ് യുഎഇ വൈസ് പ്രസിഡന്‍റ് എക്സില്‍ കുറിച്ചത്. എന്നാല്‍ 2024ല്‍ യുഎഇയില്‍ സ്വകാര്യമേഖലയില്‍ 131000 സ്വദേശികളാണ് ജോലിയില്‍ പ്രവേശിച്ചത്.
∙ സാമ്പത്തിക നേട്ടം
വിദേശവാണിജ്യം, ആദ്യമായി 2.8 ട്രില്ല്യൻ ദിർഹമായി ഉയർന്നു. യുഎഇയുടെ വ്യാവസായിക കയറ്റുമതിയുടെ മൂല്യം ആദ്യമായി 190 ബില്യൻ ദിർഹത്തിലെത്തിയതും 2024 ലാണ്. അതേസമയം വിദേശ നിക്ഷേപം 130 ബില്യൻ ദിർഹത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ വ്യാപാര അന്തരീക്ഷം അനുകൂലമായി തുടരുന്നു. 2024 ല്‍ 2,00,000 പുതിയ കമ്പനികളാണ് രാജ്യത്തേക്ക് എത്തിയത്.സ്വദേശികള്‍ വ്യാപാര രംഗത്തേക്ക് കൂടുതലായി എത്തിയ വർഷം കൂടിയാണ് 2024. യുവ എമിറാത്തി സംരംഭകർ 25,000 ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചു.
∙ നിയമനിർമാണം
രാജ്യം സ്ഥാപിതമായ സമയത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ ഭേദഗതി ചെയ്തു. 2500 ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂന്ന് വർഷത്തെ നിയമനിർമ്മാണ പദ്ധതി 2024 ല്‍ പൂർത്തിയാക്കി. രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക മേഖലകളിലെ 80 ശതമാനം നിയമങ്ങളും നവീകരിച്ചു. രാജ്യത്തിന്‍റെ വളർച്ചയ്ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് സഹായകരമായി.
∙ വിനോദസഞ്ചാരം
15 കോടി യാത്രക്കാർ യുഎഇയുടെ വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തു. 3 കോടിയിലധികം വിനോദസഞ്ചാരികളെയാണ് 2024 ല്‍ യുഎഇ സ്വീകരിച്ചത്. യുഎഇയിലെ വിനോദസഞ്ചാരമേഖലയില്‍ ഇനിയും ഉണർവ്വുണ്ടാകുമെന്നാണ് അല്‍ഹിന്ദ് ബിസിനസ് സെന്‍റർ എംഡി നൗഷാദ് ഹസന്‍ വിലയിരുത്തുന്നത്.
ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് യുഎഇയിലെത്തിയാല്‍ കേരളത്തിലെ ഏതെങ്കിലും നാട്ടിലെത്തിയതുപോലെ മാത്രമേ അനുഭവപ്പെടൂ. സുരക്ഷയും ഉയർന്ന ജീവിത നിലവാരവുമെല്ലാമാണ് ഈ നാടിനെ എല്ലാവർക്കും സ്വീകാര്യമാക്കുന്നത്. സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷയും എടുത്തുപറയേണ്ടതാണ്.
യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ പറക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. 2024 ല്‍ കേരളത്തില്‍ നിന്ന് വിസിറ്റ് വീസയില്‍ യുഎഇയിലെത്തിയവർ നിരവധിയാണ്. ജോലി അന്വേഷിച്ച് മാത്രമല്ല, കാഴ്ചകള്‍ ആസ്വദിക്കാനായെത്തിവരുമുണ്ട് ഇക്കൂട്ടത്തില്‍. സുഹൃത്തുക്കളോ ബന്ധുക്കളോ ഇവിടെയുളളവർക്ക് താമസച്ചെലവ് കൂടാതെ, 25,000 രൂപയുണ്ടെങ്കില്‍ പോയിവരാമെന്നുളളതാണ് നേട്ടം.
രേഖകള്‍ കൃത്യമാണെങ്കില്‍ നിമിഷങ്ങള്‍ക്കം വിസിറ്റ് വീസ ലഭിക്കും. നടപടിക്രമങ്ങളും ലളിതം. ഒന്ന് യാത്രപോയി വരാമെന്ന് ചിന്തിക്കുന്നവരുടെ ആദ്യ തെരഞ്ഞെടുപ്പ് യുഎഇ എന്നതാകുന്നതും ഈ ലളിതനടപടിക്രമങ്ങള്‍ ഒന്നുകൊണ്ടുതന്നെയാണെന്നും നൗഷാദ് ഹസന്‍ പറയുന്നു. ബിസിനസ് ചെയ്യാന്‍ അനുകൂലമായ നഗരമാണ് ദുബായ്. ദുബായ് സാമ്പത്തിക മന്ത്രാലയവും വിനോദസഞ്ചാര മന്ത്രാലയവും സംയുക്തമായി പ്രവർത്തിക്കാന്‍ തുടങ്ങിയതും നേട്ടമായി.
വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും പറ്റിയ ഇടമാണിതെന്നുതന്നെയാണ് പുതിയ കണക്കുകള്‍ പറയുന്നത്. ഇതുവരെയുളള യുഎഇയുടെ വളർച്ചയുടെ വലിയ ശതമാനം 2025 ലാകുമെന്നാണ് പ്രതീക്ഷ, വലിയ പദ്ധതികളും പ്രൊജക്ടുകളും 2025 ലുണ്ടാകും, ഏത് പ്രതികൂല കാലാവസ്ഥയിലും, ഫീനിക്സ് പക്ഷിയെപ്പോലെ യുഎഇ ഉയർന്ന് പറക്കും, നൗഷാദ് പറയുന്നു.
∙ ദേശീയ വികസനം
പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കി യുഎഇ ഭാവിയിലേക്ക് നോക്കുകയാണ്. അടുത്ത 20 വർഷത്തേക്കുളള നയങ്ങളും പദ്ധതികളും രൂപപ്പെടുത്തിക്കഴിഞ്ഞു. നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ 750 ലധികം പദ്ധതികളും സംരംഭങ്ങളും ഇതിനകം നടപ്പിലാക്കി. രാജ്യത്തിന്‍റെ വളർച്ചയെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്നുളള ലക്ഷ്യത്തോടെ മന്ത്രിസഭയും മന്ത്രിതല വികസന സമിതിയും 1300 തീരുമാനങ്ങളാണ് എടുത്തത്.
പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല,കൃത്യമായ ദിശാബോധത്തോടെ അത് നടപ്പിലാക്കുകയെന്നുളളതുകൂടിയാണ് ഒരു ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നത് തന്നെയാണ് യുഎഇ ഭരണകൂടത്തിന്‍റെ വിജയം. ഓരോ തീരുമാനമെടുക്കുമ്പോഴും ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും മുന്നില്‍ കാണുന്നത് ജനങ്ങളെയാണ്. അതുകൊണ്ടുതന്നെയാണ് 2025 ലും ഈ രാജ്യം കാണാനായും ജോലി അന്വേഷിച്ചും ഇവിടെയെത്തുന്നവരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലാത്തത്. ഇനിയും അത് തുടരുക തന്നെ ചെയ്യും, തീർച്ച.