‘സൗദി തണുത്ത് വിറയ്ക്കും’; രാജ്യത്ത് 1992നു ശേഷം ഏറ്റവും താഴ്ന്ന താപനില അനുഭവപ്പെടാൻ സാധ്യത
Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ കൊടും തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യത. ചില വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1992ലാണ് രാജ്യം ഇതിനുമുൻപ് ഇത്രയും തീവ്രമായ തണുപ്പ് അനുഭവപ്പെട്ടത്. അന്ന് ഹെയിൽ സ്റ്റേഷനിൽ -9.3 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു.അത് ഏഴു ദിവസം നീണ്ടുനിന്നിരുന്നു.
നിലവിൽ തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മക്ക, മദീന, ഹായിൽ, അൽ ഖസിം തുടങ്ങിയ മേഖലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. റിയാദിൽ താപനില 2 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിസാൻ, അൽ ബഹ, അസീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചയിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. വരും ആഴ്ചയിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ അഖീൽ പറഞ്ഞു.