പ്രവാസികൾക്ക് തൽക്കാലം സന്തോഷിക്കാം ; ഒമാനിൽ വ്യക്തിഗത ആദായ നികുതി ഉടനില്ല
Mail This Article
മസ്കത്ത് ∙ ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്സി പറഞ്ഞു. എല്ലാ വ്യവസ്ഥകളും തയ്യാറാകുന്നതുവരെ വ്യക്തികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തില്ലെന്നും 2025 വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
എന്നാല്‍, ആദായനികുതി ചുമത്തുന്നതിന് പകരം മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തെ കുറിച്ചുള്ള ചോദ്യത്തിന് വാറ്റ് വര്‍ധിപ്പിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്നും അതേസമയം, ആദായ നികുതി ജനസംഖ്യയിൽ 30,000 റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ഒരു ശതമാനത്തെ മാത്രം ബാധിക്കുന്നതാണെന്നുമാണ് മന്ത്രി മറുപടി നൽകിയത്.
11.18 ബില്യന്‍ ഒമാനി റിയാലാണ് ഈ വര്‍ഷത്തെ ബജറ്റില്‍ കണക്കാക്കുന്ന വരുമാനം. ചെലവാകട്ടെ 11.8 ബില്യന്‍ ഒമാനി റിയാലും. രൂപമാറ്റം സംഭവിക്കുന്ന ആഗോള, ആഭ്യന്തര സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും രാഷ്ട്രവികസനം ശക്തമാക്കാനുള്ള ജാഗ്രതയോടെയുള്ളതെങ്കിലും മികച്ച സമീപനമാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നത്. സുസ്ഥിര വിലകളില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് ശതമാനം യഥാര്‍ഥ ജിഡിപി വളര്‍ച്ച നേടാന്‍ ബജറ്റ് ലക്ഷ്യംവെക്കുന്നു.
ശരാശരി എണ്ണ വില ബാരലിന് 60 ഡോളര്‍ എന്നതിലും പ്രതിദിന ഉത്പാദനം 1,001 മില്യന്‍ ബാരല്‍ എന്നതിലും അടിസ്ഥാനമാക്കിയാണ് ബജറ്റ് ചിട്ടപ്പെടുത്തിയത്. 2024 അപേക്ഷിച്ച് 1.5 ശതമാനം അധികം വരുമാനം നേടാനാകും.വില സ്ഥിരതയില്ലാത്ത എണ്ണ വിപണിയിലുള്ള ആശ്രയത്വം കുറച്ച് എണ്ണ–ഇതര വരുമാന സ്രോതസ്സുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മൊത്തം ചെലവ് 1.3 ശതമാനം ഉയര്‍ന്ന് 11.8 ബില്യന്‍ ഒമാനി റിയാലാകുമെന്നാണ് ബജറ്റ് കണക്കുകൂട്ടുന്നത്. അതായത് 620 മില്യന്‍ റിയാലിന്റെ കമ്മി കൈകാര്യം ചെയ്യാനാകും. ഇത് മൊത്തം വരുമാനത്തിന്റെ 5.5 ശതമാനമാണ് വരിക. 2024നെ അപേക്ഷിച്ച് കമ്മിയില്‍ 3.1 ശതമാനം കുറവുണ്ട്. ഒമാന്റെ സാമ്പത്തിക അച്ചടക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വര്‍ധിച്ച ചെലവിന്റെ ഒരു ഭാഗം പൊതുകടം പരിഹരിക്കുന്നതിനാണ്. 915 മില്യന്‍ ഡോളറാണ് ഇതിന് ചെലവാകുക. ബാക്കി വിഭവങ്ങള്‍ ദീര്‍ഘകാല വികസന ഫലം വാഗ്ദാനം ചെയ്യുന്ന മേഖലകളിലേക്ക് വഴിതിരിച്ചുവിടും.
മൊത്തം ചെലവിന്റെ 42 ശതമാനം (അഞ്ച് ബില്യന്‍ റിയാല്‍) സാമൂഹിക ക്ഷേമത്തിനും അവശ്യ മേഖലകള്‍ക്കാണ് അനുവദിച്ചത്. ഇതില്‍ വലിയ ഭാഗം, 39 ശതമാനം, വിദ്യാഭ്യാസത്തിനാണ് പോകുക. 28 ശതമാനം സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും 24 ശതമാനം ആരോഗ്യരക്ഷാ മേഖലക്കും അനുവദിച്ചു. പുറമെ, 557 മില്യന്‍ റിയാല്‍ സാമൂഹിക സുരക്ഷാ പദ്ധതിക്കും അനുവദിച്ചു.