ഹബീബി വെൽക്കം ടു ദുബായ്, 'ഞാനെന്റെ സ്വന്തം കാറിൽ...' എന്ന് മലയാളികൾ; എന്തിനിങ്ങനെ ആളുകൾ യുഎഇയിലേക്ക് വരുന്നു?
Mail This Article
ഹബീബി വെൽക്കം ടു ദുബായ് എന്നു പറഞ്ഞതു കേട്ടിട്ടാണെന്നു തോന്നുന്നു, എല്ലാ ഹബീബികളും ഇപ്പോൾ ദുബായിലുണ്ട്. എവിടെ തിരിഞ്ഞാലും സഞ്ചാരികൾ. വിരുന്നുവന്നവരെ കണ്ടിട്ടാകും പ്രകൃതിയും വല്ലാതെ ഒരുങ്ങി. തെരുവോരങ്ങൾ പൂക്കളാൽ സമൃദ്ധം.
പരവതാനികൾ വിരിച്ചപോലെ പൂമെത്തകൾ. നട്ടുച്ചയ്ക്കും വെയിലിനു ചൂടില്ല. എസിയുടെ കൂടെ ഫാൻ ഇട്ടപോലെ, നല്ല തണുതണുപ്പൻ പകലിൽ, പൊടിപാറിക്കും കാറ്റ്. മൂക്കടപ്പ്, ജലദോഷം, തുമ്മൽ ഇത്യാധി അസ്കിതകൾ വേറെ. എന്നിരുന്നാലും ഇപ്പോൾ ആകെ മൊത്തമൊന്നു കളറായിട്ടുണ്ട്. സ്വന്തം കാറിൽ വരുന്ന ടൂറിസ്റ്റുകളെ കണ്ടാൽ അറിയാം, മലയാളികളായിരിക്കും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കാറിലാകും യാത്ര.
തുറന്ന ബസിൽ വെയിലു കൊണ്ടു പോകുന്ന സഞ്ചാരികളെ കണ്ടാൽ അറിയാം, യൂറോപ്യന്മാരാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു മുന്നിൽ പൂരത്തിന്റെ ആളാണ്. ദുബായ് ഫ്രെയിമിൽ ഒന്നു കയറി പറ്റണമെങ്കിൽ അര മണിക്കൂറെങ്കിലും കുറഞ്ഞതു വരി നിൽക്കണം.
ഓൺലൈനായി ബുക്ക് ചെയ്തു പോയാലും ഉള്ളിൽ കയറാൻ കാത്തു നിൽക്കണം. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് അല്ലറ ചില്ലറ ലാഭമുണ്ട്. ഫ്രെയിമും മറ്റൊരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ബുക്ക് ചെയ്താൽ 100 ദിർഹത്തിലധികം ലാഭമുണ്ടാകും.
മിറക്കിൾ ഗാർഡനിൽ പൂക്കൾ അതിന്റെ എല്ലാ സൗന്ദര്യവും പുറത്തിട്ട് ആളെ കൂട്ടുന്നു. പൂക്കൾക്കും അതിന്റെ ഭംഗിക്കുമൊക്കെ ഒരു പരിധിയില്ലേടേയ് എന്നു തോന്നിപ്പോകും ഇതിന്റെ ഉള്ളിൽ.
ഈ മരുഭൂമിയിൽ ഈ പൂക്കളൊക്കെ ഇങ്ങനെ വിടർന്നു വിലസീടുമ്പോൾ ആരാണെങ്കിലും നോക്കി നിന്നു പോകും.
എന്തേ, നമ്മുടെ നാട്ടിലിതൊന്നുമില്ലേ. ഇവിടെ നെഞ്ചുവിരിച്ചു നിൽക്കുന്ന പൂക്കളിലധികവും നമ്മുടെ തൊടികളിൽ കളകളായി കണ്ടവരാണ്. ഈ ചെടികൾക്കും പൂക്കൾക്കുമൊക്കെ ഇത്ര ഭംഗിയോ എന്നു തോന്നിപ്പോകും, അതു നിർത്തേണ്ടതു പോലെ നിർത്തുമ്പോൾ.
ഗ്ലോബൽ വില്ലേജിലും ബുർജ് ഖലീഫയുടെ മുറ്റത്തും ആൾത്തിരക്ക്. ഒരു പക്ഷേ, കോവിഡിനു ശേഷം, ഈ നഗരം ഇങ്ങനെ നിറഞ്ഞു കവിയുന്നത് ഇപ്പോഴാകും. മരുഭൂമിയാത്രകളിൽ വാഹനങ്ങളുടെ നീണ്ടനിര. ഡെസേർട്ട് ക്യാംപുകൾ ഹൗസ് ഫുൾ.
എന്തിനിങ്ങനെ ആളുകൾ ഇവിടേക്ക് വരുന്നു? എന്താണിത്ര കാണാൻ. എന്തുകൊണ്ടിങ്ങനെ? ഇതൊരു മരുഭൂമിയാണ്, ഇവിടെ ഒന്നും ചെയ്യാനില്ല എന്നു കരുതിയിരുന്നെങ്കിൽ, ഇങ്ങനൊരു സുന്ദരഭൂമി ഉണ്ടാകുമായിരുന്നില്ല.
ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളെ സമന്വയിപ്പിച്ചാണ് ദുബായ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത്. ലോകത്തിലെ മികച്ച ഭരണഘടനകളിലെ ഏറ്റവും മികച്ചതിനെ ചേർത്ത് ഇന്ത്യൻ ഭരണഘടനയ്ക്കു രൂപം നൽകിയതു പോലെ, ലോകത്തിലെ ഏറ്റവും സുന്ദരമായതിനെ സമന്വയിപ്പിച്ച്, ഈ രാജ്യം വിനോദ സഞ്ചാരികളുടെ പറുദീസ സൃഷ്ടിച്ചു.
∙ മികച്ചതെല്ലാം യുഎഇയിൽ
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ, ലോകത്തിലെ സെവൻ സ്റ്റാർ ഹോട്ടൽ, ഗ്ലോബൽ വില്ലേജ്, ഗാർഡൻ ഗ്ലോ, പകലും രാത്രിയിലും ഒരുപോലെ സന്ദർശിക്കാവുന്ന ബീച്ചുകൾ, പാർക്കുകൾ, വ്യാപാര സമുച്ചയങ്ങൾ അങ്ങനെ മനുഷ്യനാൽ നിർമിക്കാൻ കഴിയുന്നതെല്ലാം, അതിന്റെ സൗന്ദര്യത്തികവിൽ ഈ രാജ്യം, സന്ദർശകർക്കു മുന്നിൽ സമ്മാനിക്കുന്നു. ജന്മനാ ലഭിച്ചതല്ല, അത്യധ്വാനത്തിലൂടെ നിർമിച്ചെടുത്തതാണിതെല്ലാം. മികച്ച യാത്രാ സൗകര്യങ്ങൾ, ഏതു പാതിരാവിലും തോന്നുന്ന സുരക്ഷിത ബോധം, ഏറ്റവും മികച്ച ഭക്ഷണം, താമസിക്കാൻ ഇഷ്ടം പോലെ ഹോട്ടലുകൾ, ഏതു രാത്രിയിലും വിളിപ്പുറത്തെത്തുന്ന ടാക്സികൾ. ഒരു സഞ്ചാരിക്ക് ടെൻഷൻ ഫ്രീയായി ഈ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ മറ്റെന്തു വേണം.
ഇതെല്ലാം, പ്രകൃതിയുടെ വരദാനമായി ലഭിച്ച നമ്മുടെ നാടിന് എത്രയധികം ചെയ്യാനാവും. മഴയ്ക്കു മഴ, വെയിലിനു വെയിൽ, മികച്ച വായു, ശുദ്ധ ജലം, പുഴ, കാട്, മല, കടലോരം എന്നു വേണ്ട എന്തെല്ലാം സൗകര്യങ്ങൾ.
ഒന്നും നട്ടു നനയ്കേണ്ടതില്ല, എല്ലാം താനേ വിളയും. ഒന്നു പരിപാലിക്കേണ്ട ജോലി മാത്രം. അതിനൊരു മനസുണ്ടെങ്കിൽ നമ്മുടെ നാടും ദുബായ് പോലെ, അല്ലെങ്കിൽ അതിനും മേലെ നമ്മൾ പറ പറക്കില്ലേ.